ഹൈദരാബാദ്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ ജനങ്ങളുടെ മനസ് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നതെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി.
“ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസം ഉണ്ടാകാം, എന്നാല്‍ എല്ലാ സര്‍വേകളും, പ്രത്യേകിച്ച് പ്രശാന്ത് കിഷോറിന്റെ ഐ-പാക് നടത്തിയ സര്‍വ്വേയില്‍ 25 സീറ്റുകളില്‍ മാത്രം ടി ആര്‍ എസിന് വിജയപ്രതീക്ഷയുണ്ടെന്നും 17 സീറ്റുകളില്‍ കടുത്ത മത്സരം നേരിടേണ്ടി വരുമെന്നുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് 32 സീറ്റുകളില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്, 23 മണ്ഡലങ്ങളില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയും ചെയ്യും. ബിജെപിക്ക് 6-8 സീറ്റുകള്‍ നേടാനും 8-9 സീറ്റുകളില്‍ മത്സരം നേരിടാനും കഴിയും. എ ഐ എം ഐ എമ്മിന് 5 സീറ്റുകള്‍ ലഭിക്കുമെന്നും മറ്റ് രണ്ട് സീറ്റുകളില്‍ മുന്‍തൂക്കമുണ്ടാകുമെന്നും രേവന്ത് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
ടി ആര്‍ എസും ബി ജെ പിയും ഒരുമിച്ച് വന്നാലും ഞങ്ങള്‍ അധികാരത്തിലെത്തുന്നതിന് തടയിടാന്‍ അവര്‍ക്ക് കഴിയില്ല. ടി ആര്‍ എസിനെ ഏത് വിധേനയും അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. തെലങ്കാനയിലെ ജനത ബി ജെ പിയെ നേരത്തെ തന്നെ അടുപ്പിച്ചിട്ടില്ല. കേന്ദ്രത്തിലെ ഭരണം അവരെ കൂടുതല്‍ കൂടുതല്‍ ബി ജെ പി വിരുദ്ധരാക്കിയെന്നും രേവന്ത് അഭിപ്രായപ്പെടുന്നു