ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ഷാര്‍ജ- ഹൈദരാബാദ് വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മറ്റൊരു ഇന്ത്യന്‍ വിമാനം യാത്രാമധ്യേ കറാച്ചിയില്‍ ഇറക്കുന്നത്.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.
സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൈലറ്റ് കറാച്ചിയിലേക്ക് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു. യാത്രക്കാരെ ഹൈദരാബാദിലേക്ക് എത്തിക്കാന്‍ മറ്റൊരു വിമാനം അയക്കുമെന്ന് കമ്പനി അറിയിച്ചു.
ഈ മാസത്തിന്റെ തുടക്കത്തില്‍ സ്പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയത്. ദുബൈ- ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്.