ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തെ തുടര്‍ച്ചയായി കസ്റ്റഡിയില്‍ വെയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അറസ്റ്റിനുള്ള പൊലീസിനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സുബൈറിന് എതിരായ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഇന്ന് ആറു മണിക്ക് മുന്‍പ് അദ്ദേഹത്തെ ജയില്‍ മോചിപ്പിക്കണമെന്നും ഇത് തിഹാര്‍ ജയില്‍ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യത്തിനായി സുബൈര്‍ 20,000രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു