ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
”എന്തിനാണ് ആ പാവം സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കുന്നത്?”-എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ അദ്ദേഹം ചോദിച്ചത്. ”യുദ്ധത്തില്‍ പോലും രോഗികളെയും സ്ത്രീകളെയും ഉപദ്രവിക്കരുതെന്നാണ് നിയമം. യുദ്ധത്തിലെ അടിസ്ഥാന നിയമമാണിത്. ഇക്കാര്യം സര്‍ക്കാരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മനസിലാക്കണം. രോഗിയായ സ്ത്രീയെ പിന്നാലെ നടന്ന് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അവരുടെ ആരോഗ്യനിലയെ മാനിച്ചെങ്കിലും”-ഗുലാം നബി പറഞ്ഞു.
കേന്ദ്ര ഏജന്‍സിയുടെ കൈയില്‍ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്നും മകന്‍ രാഹുല്‍ ഗാന്ധിയെ നിരവധി ഡസന്‍ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരിക്കെ എന്തിനാണ് പാവപ്പെട്ട സ്ത്രീയെ ഉപദ്രവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ കേസില്‍ സോണിയയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ പറഞ്ഞു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ സോണിയ ഇ.ഡി ഓഫിസില്‍ നിന്ന് പുറത്തിറങ്ങി. കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാംതവണയാണ് സോണിയയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. ഏതാണ്ട് ഏഴുമണിക്കൂറോളമാണ് സോണിയയെ ഇന്ന് ചോദ്യം ചെയ്തത്.