കൊല്‍ക്കത്ത: കോടിക്കണക്കിന് രൂപയുടെ അധ്യാപന നിയമന കുംഭകോണക്കേസിലെ വിവാദ നായകനും മുന്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജി ഒടുവില്‍ പ്രതികരണവുമായി രംഗത്ത്.
സഹായിയും നടിയും മോഡലുമായ അര്‍പിത മുഖര്‍ജിയുടെ ഫ്ലാറ്റുകളില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ തന്റേതല്ലെന്നാണ് പാര്‍ഥ ചാറ്റര്‍ജി അവകാശപ്പെട്ടത്.
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനക്കായി കൊണ്ടുവന്നപ്പോഴാണ് തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പാര്‍ഥ ഇക്കാര്യം പറഞ്ഞത്. ആരെങ്കിലും നടത്തിയ ഗൂഢാലോചനയാണോ ഇതെന്ന ചോദ്യത്തിന് എല്ലാം വൈകാതെ പുറത്തുവരുമെന്നായിരുന്നു പാര്‍ഥയുടെ പ്രതികരണം. ഫ്ലാറ്റുകളില്‍ നിന്ന് പിടിച്ചെടുത്തത് എന്റെ പണമല്ല ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചു.
അര്‍പിതയുടെ രണ്ട് ഫ്ലാറ്റുകളില്‍ നിന്നായി 50 കോടി രൂപയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പിത മുഖര്‍ജിയെയും അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പണം കൂടാതെ വിദേശ നാണ്യവും സ്വര്‍ണവും ഇ.ഡി ഫ്ലാറ്റുകളില്‍ നിന്ന് കണ്ടെടുത്തിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും അഴിമതിക്കേസില്‍ പങ്കുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.
അധ്യാപക നിയമന അഴിമതിക്കേസില്‍ ഇ.ഡി അന്വേഷണം നേരിടുന്നതിന്റെ ഭാഗമായി പാര്‍ഥ ചാറ്റര്‍ജിയെ വ്യാഴാഴ്ചയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്