മുംബൈ: ആണ്‍കുഞ്ഞ് വേണമെന്ന് വാശി പിടിച്ച് ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി. മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുടുംബം നിലനിര്‍ത്തുന്നതിന് ആണ്‍കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം.
എട്ട് തവണ വിദേശത്ത് കൊണ്ടുപോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ ശേഷം ഗര്‍ഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. 2007ലായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ് അഭിഭാഷകനാണ്. ഭര്‍തൃപിതാവ് റിട്ട. ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്.
2009ല്‍ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 2011ല്‍ വീണ്ടും ഗര്‍ഭിണിയായി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുമായി ഡോക്ടറെ സമീപിക്കുകയും ഇപ്പോള്‍ ഗര്‍ഭിണിയാകാന്‍ ഭാര്യ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു.
തുടര്‍ന്ന് യുവതിയുടെ അനുവാദം കൂടാതെ ആണ്‍കുഞ്ഞിനായുള്ള ചികിത്സ മുംബൈയില്‍ ആരംഭിച്ചു. ഇതിനിടെ ചെറിയ കാര്യങ്ങള്‍ക്കു വരെ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നുവെന്നും യുവതി പറയുന്നു.
1500 ലേറെ ഹോര്‍മോണല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ആണ്‍കുട്ടി ജനിക്കുന്നതിനായി കുത്തിവച്ചുവെന്നും യുവതി പറയുന്നു. ബാങ്കോക്കില്‍ കൊണ്ടുപോയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നത്.
മാനസികമായും ശാരീരികമായും താന്‍ തളര്‍ന്ന അവസ്ഥയിലാണെന്നും യുവതി പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.