ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേററ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാമ്ന.
സത്യം പറയുന്നവരുടെ നാവ് അരിഞ്ഞു കളയാനാണ് അധികാരത്തിലിരിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് സാമ്ന എഡിറ്റോറിയല്‍ ചൂണ്ടികാട്ടി.
ഇതുപോലെ പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചുള്ള വേട്ട അടിയന്തിരാവസ്ഥക്കാലത്തു പോലും ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തെ ആദരിച്ചില്ലെങ്കില്‍ രാജ്യവും ജനാധിപത്യവും തകരുമെന്നും സാമ്ന എഴുതുന്നു.
ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ ഞായറാഴ്ച രാത്രിയാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹം ഇ.ഡി കസ്റ്റഡിയിലാണ്. ആറുമാസം മുമ്ബ് സഞ്ജയ് റാവത്ത് രാജ്യസഭാ അധ്യക്ഷന് നല്‍കിയ കത്ത് സാമ്ന എഡിറ്റോറിയല്‍ ഒാര്‍മിപ്പിക്കുന്നുണ്ട്.
ശിവസേനയുടെ നേതൃത്വത്തിലുള്ള അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാറിനെ മറിച്ചിടാന്‍ സഹായം തേടി തന്നെ ചിലര്‍ സമീപിച്ചതായി കത്തില്‍ സഞ്ജയ് റാവത്ത് പറയുന്നുണ്ട്. അതിന് സഹായിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും റാവത്ത് കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ആ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ അദ്ദേഹം നേരിടുന്നതെന്നും സാമ്ന എഴുതുന്നു.
സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത ഉറച്ച ശിവ സൈനികനാണ് സഞ്ജയ് റാവത്തെന്നാണ് അദ്ദേഹത്തിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ പ്രതികരിച്ചത്.