Saturday, April 19, 2025

HomeNewsIndiaലൈംഗികത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ഹൈകോടതി

ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ഹൈകോടതി

spot_img
spot_img

ന്യൂഡെല്‍ഹി: ലൈംഗികത്തൊഴിലാളികള്‍ക്ക് പൗരന് ലഭ്യമായ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും എന്നാല്‍ നിയമലംഘനത്തിന് പ്രത്യേക പരിഗണന ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ഡെല്‍ഹി ഹൈകോടതി. മനുഷ്യക്കടത്തും മാംസക്കച്ചവടവും ആരോപിച്ച്‌ യുവതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.


‘ഒരു ലൈംഗികത്തൊഴിലാളിക്ക് ഒരു പൗരന് ലഭ്യമായ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല, എന്നാല്‍ നിയമം ലംഘിച്ചാല്‍, നിയമപ്രകാരം അവള്‍ നടപടിക്ക് വിധേയമാകും. കൂടാതെ ഒരു പ്രത്യേക പരിഗണനയും അവകാശപ്പെടാന്‍ കഴിയില്ല’, ജസ്റ്റിസ് ആഷാ മേനോന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത 13 പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതയാണ് ഹര്‍ജിക്കാരി. വേശ്യാലയത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപെടുത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരില്‍ ഒരാള്‍ പ്രതിക്കെതിരെ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് 2021 മാര്‍ചില്‍ ഇവരെ അറസ്റ്റ് ചെയ്തതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതി നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് മേനോന്‍ പറഞ്ഞു. 2021 ജൂലൈ 11 ന് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത വേശ്യാലയ ഉടമ ‘മല ലാമ’ അല്ലെങ്കില്‍ ‘പഞ്ചാബി ദീദി’ എന്ന ‘നാനി’ യെ കണ്ടെത്താന്‍ വളരെയധികം പരിശ്രമിക്കേണ്ടി വന്ന പൊലീസിന്റെ പരിശ്രമങ്ങളും കോടതി മുഖവിലക്കെടുത്തു.

രക്ഷപ്പെടുത്തിയ 13 പെണ്‍കുട്ടികളില്‍ 12 പെണ്‍കുട്ടികളും ഏതെങ്കിലും വ്യക്തി കടത്തിക്കൊണ്ടു വന്നതാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി. ക്രിടികല്‍ കെയര്‍ സെന്റര്‍ ദ്വാരക സെക്ടര്‍ -19 ല്‍ പാര്‍പിച്ച 12 പെണ്‍കുട്ടികളില്‍ 10 പേരും 2021 മെയ് മൂന്നിന് രക്ഷപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വേശ്യാലയത്തില്‍ നടത്തിയ റെയ്ഡിലൂടെ രക്ഷപ്പെട്ടെങ്കിലും ആരാണ് അവരെ അതിന് സഹായിച്ചത്? ഒരു സംഘം ഉള്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയരും. ജാമ്യ അപേക്ഷകന്‍ ഉപഭോക്താക്കള്‍ക്ക് പെണ്‍കുട്ടികളെ കൊടുത്തിരുന്നതിനാല്‍ വേശ്യാലയത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയെന്ന് വിശ്വസിക്കാനാകില്ല. കാരണം അതുകൊണ്ട് അവള്‍ക്ക് ഒരു നേട്ടവുമില്ല. ഇത് ആശങ്കാജനകമാണ്, കാരണം അവളെ സ്വാധീനിക്കാനും അല്ലെങ്കില്‍ കോടതിക്ക് മുമ്ബാകെ മൊഴി നല്‍കുന്നതില്‍ നിന്ന് അവളെ തടയാനും വനിതാ പ്രോസിക്യൂടറെ സ്വാധീനിക്കാനും ശ്രമിക്കിച്ചേക്കാം’ ജഡ്‌ജ്‌ ഉത്തരവില്‍ കുറിച്ചു.

പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. രണ്ട് കാല്‍മുട്ടുകളും മാറ്റിവയ്ക്കുന്നതിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തുന്നതിന് ഒരാഴ്ചത്തെ ഇടക്കാല ജാമ്യമാണ് പ്രതി ആവശ്യപ്പെട്ടത്. എന്നാല്‍, ഒളിവില്‍ പോകാനും വനിതാ പ്രോസിക്യൂടറെ സ്വാധീനിക്കാനും നല്ല സാധ്യതയുണ്ടെന്ന് വാദിച്ച സര്‍കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments