ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ഏകാധിപത്യത്തിന് കീഴിലാണെന്നും ജനാധിപത്യം മരിച്ചിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തങ്ങള്‍ക്ക് സംസാരിക്കാന്‍ അനുമതിയില്ല, പ്രതിഷേധിക്കാന്‍ അനുവാദമില്ല. രാജ്യസഭയില്‍ നിന്നും ലോക്‌സഭയില്‍ നിന്നും തങ്ങളെ പുറത്താക്കുന്നു, രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ഇതുകൊണ്ടൊന്നും തങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
”ബിജെപി എന്തൊക്കെ ചെയ്താലും ഒരു കാര്യവുമുണ്ടാകാന്‍ പോകുന്നില്ല. എന്റെ രാജ്യത്തേയും ഇവിടുടെ ജനാധിപത്യത്തേയും സാഹോദര്യത്തേയും സംരക്ഷിക്കാന്‍ വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും. ഒരല്‍പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങളെ നിശബ്ദരാക്കാം എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഞങ്ങള്‍ നിശബ്ദരാകില്ല. ബിജെപിയുടെ പ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. ഞങ്ങള്‍ ഭയക്കില്ല”, രാഹുല്‍ ഗാന്ധി പറഞ്ഞു. ദില്ലിയില്‍ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.