ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ഇരുസഭകളിലെയും പാര്‍ലമെന്റ് അംഗങ്ങള്‍ ശനിയാഴ്ച വോട്ട് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ ജഗ്ദീപ് ധന്‍ഖര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്കെതിരെയാണ് മത്സരിക്കുന്നത്. 71കാരനായ ധന്‍ഖര്‍ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവാണ്.
80കാരിയായ മാര്‍ഗരറ്റ് ആല്‍വ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. ഗോവ, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി ആല്‍വ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാര്‍ഗരറ്റ് ആല്‍വയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്സഭയില്‍ 23ഉം രാജ്യസഭയില്‍ 16ഉം എം.പിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്.
ജനതാദള്‍ (യുണൈറ്റഡ്), വൈ.എസ്.ആര്.സി.പി, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, ശിവസേന തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍ഖറിന് ഉണ്ട്. അതുകൊണ്ട്തന്നെ 515 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ്, എ.എ.പി, എ.ഐ.എം.ഐ.എം, ടി.ആര്.എസ്, ജെ.എം.എം തുടങ്ങിയ പാര്‍ട്ടികളാണ് എതിര് സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കുന്നത്. അതനുസരിച്ച് മാര്‍ഗരറ്റ് ആല്‍വ 200ലധികം വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.