ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന നളിനി ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.
വ്യാഴാഴ്ച സമര്‍പ്പിച്ച ഹരജിയില്‍ എ.ജി പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാണ് ആവശ്യം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
കേസിലെ ഏഴു പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. നിലവില്‍ നളിനിയും രവിചന്ദ്രനും തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങള്‍ക്കു മുമ്ബ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
രാജീവ് ഗാന്ധിയടക്കം 21 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന നളിനി വധക്കേസിലെ മുഖ്യപ്രതിയാണ്. എല്‍ടിടിഇ സംഘടനയുടെ കേസില്‍ നളിനി, പേരറിവാളന്‍, മറ്റ് രണ്ടുപേര്‍ എന്നിവരെ വധശിക്ഷക്കും മറ്റുള്ളവരെ ജീവപര്യന്തം തടവിനുമാണ് 1999ല്‍ സുപ്രീം കോടതി ശിക്ഷിച്ചത്.
2000ല്‍ സോണിയാഗാന്ധി ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി.