ഡെറാഡൂണ്‍: സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ചയാവാനായി ചെയ്തു കൂട്ടുന്ന പ്രവര്‍ത്തികളില്‍ പണി വാങ്ങിച്ച് കൂട്ടിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം താരം ബോബി കതാരിയ. വിമാനത്തിലിരുന്ന് പുകവലിച്ച വീഡിയോയ്ക്ക് പിന്നാലെയാണ് നടുറോഡില്‍ കസേര ഇട്ടിരുന്ന് മദ്യം കഴിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് കതാരിയയ്ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരിക്കുകയാണ്.
ഡെറാഡൂണിലെ തിരക്കുള്ള റോഡിലിരുന്ന് മദ്യപിക്കുന്നത് പ്രചരിപ്പിച്ചതിനാണ് കേസ്. ഐപിസി, ഐടി ആക്ടുകള്‍ പ്രകാരമാണ് ബോബിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയതിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ ജൂലൈ 28ന് ബോബി പ്രചരിപ്പിച്ച ഈ വീഡിയോയ്ക്കെതിരെ വന്‍ രോഷം ഉയര്‍ന്നിരുന്നു. ”ഇത് ആസ്വദിക്കാനുള്ള സമയമാണ്…” എന്ന കുറിപ്പോടെയാണ് നടുറോഡില്‍ കസേരയിട്ട് ഇരുന്ന് മദ്യം കഴിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ”റോഡ് അപ്നെ ബാപ് കി…” എന്ന ബാക്ഗ്രൗന്‍ഡ് മ്യൂസികോടെയാണ് വീഡിയോ.
ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത് ട്വീറ്റ് ചെയ്തതിന് താഴെയായി ഇയാളുടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ആളുകള്‍ പോസ്റ്റ് ചെയ്തു. ബോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമില്‍ ആറു ലക്ഷത്തിലധികം ഫോളവേഴ്സ് ബോബിക്കുണ്ട്.
ജനുവരി 23ന് ദുബൈയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലിരുന്നാണ് ഇയാള്‍ സിഗററ്റ് വലിച്ചത്. വിമാനത്തിലിരുന്ന് ഇയാള്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ വൈറലായ പശ്ചാത്തലത്തില്‍ വ്യാമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികള്‍ വച്ചുപൊറുപ്പിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.