പട്‌ന: മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടത് പാര്‍ട്ടികളെ ക്ഷണിച്ച് നിയുക്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ മാസം 16 നാണ് മഹാസഖ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടക്കുക.
എന്നാല്‍, 12 എം.എല്‍.എമാരുള്ള ഇടത് പാര്‍ട്ടിയായ സി.പി.ഐ.എം.എല്‍ ലിബറേഷന്‍ മന്ത്രിസഭയുടെ ഭാഗമാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ നിതീഷ് കുമാറിനെ പുറത്തുനിന്ന് പിന്തുണക്കും. ഞങ്ങള്‍ മന്ത്രിസഭയുടെ ഭാഗമാവില്ല. പുറത്ത് നിന്ന് ഞങ്ങള്‍ ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞത്.
മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കാനാണ് സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും തീരുമാനം. രണ്ട് പാര്‍ട്ടികള്‍ക്കും രണ്ട് വീതം എം.എല്‍.എമാരാണ് ബിഹാറിലുള്ളത്
അതേസമയം, ബി.ജെ.പി കൈകാര്യം ചെയ്തിരുന്ന ചില വകുപ്പുകള്‍ ആര്‍.ജെ.ഡിക്ക് നല്‍കാന്‍ ധാരണയായിരുന്നു. ബി.ജെ.പി കൈകാര്യം ചെയ്തിരുന്ന 30 മന്ത്രിസ്ഥാനങ്ങളില്‍ 16 സീറ്റുകള്‍ വരെ ആര്‍.ജെ.ഡിക്ക് കൊടുക്കാനാണ് ജെ.ഡി.യു തീരുമാനം. എന്നാല്‍, 18 മന്ത്രിസ്ഥാനങ്ങളാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നത്.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താനാണ് ആര്‍.ജെ.ഡി ഒരുങ്ങുന്നത്. ഇതിനായി തേജസ്വി യാദവ് ദല്‍ഹിയില്‍ എത്തി. ജനപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലാണ് തേജസ്വി യാദവ് – സോണിയാ ഗാന്ധി കൂടിക്കാഴ്ച.
മഹാസഖ്യത്തിലെ മറ്റൊരു ഘടക കക്ഷിയായ കോണ്‍ഗ്രസിന് നാല് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് വിവരം.