പാട്ന; അര്‍ഹമായ പ്രാതിനിധ്യം നല്‍കിയാല്‍ ബിഹാറില്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ തയ്യാറാണെന്ന് സി പി ഐ.
ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന സി പി ഐ നേതാവ് അതുല്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഇല്ലെന്നും പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നുമായിരുന്നു ഇടതുപാര്‍ട്ടികള്‍ നേരത്തേ സ്വീകരിച്ച നിലപാട്.
പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുമായി ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തുകയും സര്‍ക്കാരിന്റെ മുന്‍ഗണനകളെ കുറിച്ചടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
മഹാഗത്ബന്ധന്‍ സര്‍ക്കാരിന്റെ സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിപിഐക്ക് മാന്യമായ പ്രാതിനിധ്യം നല്‍കിയാല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്, അതുല്‍ കുമാര്‍ വ്യക്തമാക്കി.
മറ്റ് ഇടത് പാര്‍ട്ടികളുടെ നിലപാടില്‍ തങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ലെന്നും കുമാര്‍ പറഞ്ഞു.
സിപിഐ ഇന്ത്യയിലെ ഏറ്റവും വലിയ ഇടത് പാര്‍ട്ടിയാണ് അതുകൊണ്ട് തന്നെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മാന്യമായ സ്ഥാനം ലഭിക്കേണ്ടതുണ്ട്. കേന്ദ്രത്തിലെ എച്ച് ഡി ദേവഗൗഡയുടെയും ഐ കെ ഗുജ്‌റാളിന്റെയും സര്‍ക്കാരില്‍ സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായി 1996 മുതല്‍ 1998 വരെ സേവനം അനുഷ്ഠിച്ചിരുന്നുവെന്നും അതുല്‍ കുമാര്‍ പറഞ്ഞു.