ബെംഗ്ലൂറു: ദേശീയ പതാക ഉയര്‍ത്തി കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.
ബെംഗ്ലൂറിലെ ഹെന്നൂര്‍ പ്രദേശത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ വിശ്വാസ് കുമാറാണ് മരിച്ചത്.
നഗരത്തിലെ ഒരു ഐടി കംപനിയില്‍ ജോലി ചെയ്യുകയായിരുന്നു വിശ്വാസ്. ബെംഗ്ലൂറിലെ ഹെന്നൂരില്‍ മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് നില കെട്ടിടത്തിലാണ് വിശ്വാസ് താമസിച്ചിരുന്നത്. ദക്ഷിണ കന്നഡയിലെ സുള്ള്യ നിവാസിയാണ്.
ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വിശ്വാസ് തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശ്വാസിനെ ഉടന്‍ തന്നെ പിതാവ് നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ മരണം സംഭവിച്ചവെന്ന് ഹെന്നൂര്‍ പൊലീസ് പറഞ്ഞു.