ഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
”ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍! നിങ്ങളുടെ ക്ഷമയെ വിലമതിക്കുന്നു. എനിക്ക് നിങ്ങളുടെ ആവേശവും സന്തോഷവും ശരിക്കും ഊഹിക്കാന്‍ കഴിയും. ചൈനയിലേക്ക് വീണ്ടും സ്വാഗതം” ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍കാര്യ വകുപ്പ് കൗണ്‍സിലര്‍ ജി റോങ് ട്വീറ്റ് ചെയ്തു.
വിദ്യാര്‍ഥികള്‍ക്കും ചൈനയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കുമെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.
ഇതിനോടകം മെഡിസിന്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ 23,000ത്തോളം വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് മടങ്ങാന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്താന്‍, റഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിലെത്തിയിട്ടുണ്ട്. കോവിഡ് വിസ നിരോധനം കാരണം യാത്ര ചെയ്യാന്‍ കഴിയാത്ത പുതിയ വിദ്യാര്‍ഥികള്‍ക്കും പഴയ വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്‍റ് വിസ നല്‍കുമെന്ന് ചൈനീസ് എംബസിയുടെ അറിയിപ്പില്‍ പറയുന്നു.