ജാര്‍ഖണ്ഡിലെ യുപിഎ എംഎല്‍എമാര്‍ ഛത്തീസ്ഗഡിലെ റായ്പുരിലെ റിസോര്‍ട്ടില്‍ തുടരുന്നു.
എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമം നടത്തിയേക്കും എന്ന ആശങ്കയിയിലാണ് എംഎല്‍എ മാരെ മാറ്റിയത്.
അതെ സമയം ഏത് സാഹചര്യവും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഹേമന്ത് സോറന്‍ വ്യക്തമാക്കി.
ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരവേയാണ് യുപിഎ എംഎല്‍എമാരെ ഛത്തീസ്ഗഡിലെ റായ്പുരിലേക്കു മാറ്റിയത്. റായ്പൂരിലെ മേയ് ഫ്‌ലവര്‍ റിസോര്‍ട്ടിലാണ് നിലവില്‍ എം.എല്‍.എമാര്‍ ഉള്ളത്.
ഭരണകക്ഷി എം.എല്‍.എമാരെ വിലകൊടുത്തുവാങ്ങാന്‍ ബി.ജെ.പി ശ്രമം നടത്തുമെന്ന ആശങ്കയിലാണ് എം.എല്‍.എമാരെ ബി.ജെ.പി ഇതര സംസ്ഥാനത്തേക്ക് മാറ്റിയത്.
81 അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എം.എല്‍.എമാരാണുള്ളത്. ഇതില്‍ 43 പേരെയാണ് നിലവില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലെത്തി.
എംഎല്‍എമാരെ പ്രത്യേക വിമാനത്തിലാണ് റാഞ്ചിയില്‍ നിന്ന് റായ്പുരിലെത്തിച്ചു റിസോര്‍ട്ടിലേക്കു മാറ്റിയത്.
ഹേമന്ത് സോറന്റെ നിയമസഭാംഗത്വം സംബന്ധിച്ച ബിജെപിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനമെടുത്ത് കഴിഞ്ഞയാഴ്ച സംസ്ഥാന ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തിരുന്നു. സോറനെ അയോഗ്യനാക്കാനാണു കമ്മിഷന്റെ തീരുമാനമെന്നാണ് അഭ്യൂഹം.
എന്നാല്‍, ഇതുവരെ ഗവര്‍ണര്‍ ഇതിന്മേല്‍ തീരുമാനമെടുക്കാത്തത് ഭരണകക്ഷി എംഎല്‍എമാരെ പരമാവധി പിടിക്കാന്‍ ബിജെപിക്കു സമയം കിട്ടാന്‍ വേണ്ടിയാണെന്നാണ് യുപിഎ വിലയിരുത്തുന്നത്.