ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ ഡല്‍ഹി സര്‍വിസ് ബില്‍ രാഷ്ട്രപതി വെള്ളിയാഴ്ച അംഗീകരിച്ചതോടെ നിയമമായി.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ ആഗസ്റ്റ് ഒന്നിനും രാജ്യസഭ ആഗസ്റ്റ് ഏഴിനും ബില്‍ പാസ്സാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം വളഞ്ഞവഴിയിലൂടെ കവരാനുള്ള കുതന്ത്രമെന്നാണ് ബില്ലിനെതിരെ ആക്ഷേപമുയര്‍ന്നത്.
ഉദ്യോഗസ്ഥ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള അധികാരം ഡല്‍ഹി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി മറികടക്കാനാണ് കേന്ദ്രം നിയമഭേദഗതി ബില്‍ കൊണ്ടുവന്നത്. കോണ്‍ഗ്രസ് അടക്കം ഇൻഡ്യ മുന്നണിയിലെ എല്ലാ കക്ഷികളും നിയമഭേദഗതിയെ കൂട്ടായി എതിര്‍ത്തിരുന്നു.
ഡല്‍ഹിയിലെ ഗ്രൂപ് എ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അധികാരം മുഖ്യമന്ത്രി അധ്യക്ഷനായുള്ള അതോറിറ്റിക്ക് കൈമാറാനുള്ള ഓര്‍ഡിനൻസാണ് ബില്ലാക്കി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. അതോറിറ്റിയില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എന്നിവരും അംഗങ്ങളാവും. വിയോജിപ്പുണ്ടായാല്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നോമിനിയായ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാകും