മുംബൈ: രോഗികള്‍ കൂട്ടത്തോടെ മരിച്ചതോടെ മുംബൈയിലെ ആശുപത്രിക്കെതിരെ അന്വേഷണം. താനെയിലെ കല്‍വയിലുളള ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 17 രോഗികളാണ് മരിച്ചത്.
പത്ത് സ്ത്രീകളും എട്ടു പുരുഷന്മാരുമാണ് മരിച്ചത്. ഇതില്‍ 12 പേര്‍ 50 വയസ്സിന് മുകളിലുള്ളവരാണ്. കിഡ്‌നിയില്‍ കല്ല്, പക്ഷാഘാതം, അള്‍സര്‍, ന്യൂമോണിയ തുടങ്ങിയവക്ക് ചികിത്സയിലുണ്ടായിരുന്നവരായിരുന്നു ഇവര്‍.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്ഥിതിഗതികള്‍ അന്വേഷിച്ചുവെന്നും സ്വതന്ത്ര കമ്മിറ്റി സംഭവം അന്വേഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടര്‍ അടക്കം ആരോഗ്യ മേഖലയിലെ ഉന്നതര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.
ആശുപത്രി ഡീനിനോട് രണ്ടു ദിവസത്തിനകം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി തനാജി സാവന്ത് പ്രതികരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി മരണങ്ങള്‍ വിശകലനം ചെയ്തുവരികയാണെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.