ന്യൂഡല്‍ഹി: രാജ്യത്തിൻറെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കും ത്യാഗപൂര്‍ണമായ സേവനത്തിനുമുള്ള സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു.
കീര്‍ത്തി ചക്ര, ശൗര്യചക്ര, ബാര്‍ ടു സേന മെഡല്‍, സേന മെഡല്‍, മെൻഷൻ-ഇൻ-ഡെസ്പാച്ചസ് വിഭാഗങ്ങളിലായാണ് ബഹുമതി നല്‍കി ആദരിക്കുന്നത്.
നാല് ജവാൻമാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിക്കും. കരസേനയിലെ ഒമ്ബതുപേര്‍ക്കും കേന്ദ്ര പോലീസ് സേനയിലെ രണ്ടുപേര്‍ക്കും ശൗര്യചക്രയും നല്‍കും. ഇതില്‍ അഞ്ചുപേര്‍ക്ക് മരണാനന്തരമാണ് ബഹുമതി.
പാരച്യൂട്ട് റെജിമെന്റിലെ മേജര്‍ എ. രഞ്ജിത്ത് കുമാറിന് ബാര്‍ ടു സേന മെഡലും വ്യോമസേനയിലെ സ്ക്വാഡ്രണ്‍ ലീഡര്‍ ജി.എല്‍. വിനീതിന് വായുസേന മെഡലും ലെഫ്റ്റനന്റ് കേണല്‍ ജിമ്മി തോമസിന് മെൻഷൻ ഇൻ ഡെസ്പാച്ചസും ലഭിക്കും. സി.ആര്‍.പി.എഫിലെ ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര കീര്‍ത്തിചക്ര.
രണ്ട് സൈനികര്‍ക്ക് ധീരതയ്ക്കുള്ള ബാര്‍ ടു സേന മെഡല്‍ നല്‍കും. 52 സേനാ മെഡലുകളും (കരസേന) മൂന്ന് നവ് സേന മെഡലുകളും (കരസേന) നാല് വായു സേന മെഡലുകളും നല്‍കും.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അഗ്നിരക്ഷാ സേന മെഡലിന് കേരളത്തില്‍നിന്ന് കെ.ടി. ചന്ദ്രൻ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് മൂന്ന് പേര്‍ കേരളത്തില്‍ നിന്ന്അര്‍ഹത നേടി.