ന്യൂഡല്‍ഹി: വി.എച്ച്.പി, ബജ്രംഗ്ദള്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സി.പി.എം നേതാവ് വൃന്ദകാരാട്ട്. ഹരിയാന ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ റാലികളില്‍ മുസ്‌ലിംകളെ കൊല്ലാനും അവരെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജിയില്‍ ഇടപെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വൃന്ദകാരാട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുള്ള ഈ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിയെന്ന നിലയില്‍ ഇടപെടാന്‍ അനുവദിക്കണമെന്നാണ് വൃന്ദകാരാട്ടിന്റെ ആവശ്യം. വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദള്‍ നേതാക്കള്‍ നടത്തിയ ചില വിദ്വേഷ പ്രസംഗങ്ങളെ സംബന്ധിച്ചും അവരുടെ ഹരജിയില്‍ പരാമര്‍ശമുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ നീങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളുടെ വിവരങ്ങളാണ് അവരുടെ ഹരജിയിലുള്ളത്. ഡല്‍ഹിയില്‍ ഉള്‍പ്പടെ വി.എച്ച്.പി, ബജ്രംഗദള്‍ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളും ഇതിലുണ്ട്.
ഹിന്ദു മതത്തിന്റെ പേരില്‍ മുസ്‌ലിം സമൂഹത്തിനെതിരെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് വി.എച്ച്.പി ബജ്രംഗ്ദള്‍ നേതാക്കളുടെ പ്രസംഗങ്ങളെന്നും ഇത് ഭരണഘടനമൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും എതിരാണെന്നും വൃന്ദകാരാട്ട് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം യോഗങ്ങള്‍ നടന്നിട്ടുണ്ട്. തുടര്‍ച്ചയായി സാമ്പത്തികമായും സാമൂഹികമായും മുസ്‌ലിം സമുദായത്തെ ബഹിഷ്‌കരിക്കാനാണ് യോഗങ്ങളിലെ പ്രസംഗങ്ങളില്‍ ആവശ്യപ്പെടുന്നതെന്ന് വൃന്ദകാരാട്ട് പറഞ്ഞു. എന്നാല്‍, ഇത്തരം പ്രസംഗങ്ങളില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടിയുണ്ടാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.