ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യത്ത് വിവിധ നഗരങ്ങളില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടര്‍മാരാണ് അടിയന്തര ചികിത്സയൊഴികെ മറ്റെല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിന് പിന്നാലെയാണ് ക്രൂരകൃത്യം നടത്തിയ, പൊലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയ സഞ്ജയ് റോയ് പൊലീസിന്റെ പിടിയിലായത്.