ചെന്നൈ: തമിഴ്‌നാട്, ഡല്‍ഹി, അസം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സ്കൂളുകളും കോളജുകളും തുറന്നു. 17 മാസത്തിനു ശേഷമാണ് തമിഴ്‌നാട്ടില്‍ സ്കൂളുകളും കോളജുകളും തുറന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്നു മുതല്‍ ആരംഭിച്ചത്. ഓരോ ക്ലാസ്‌റൂമിലും 20 വിദ്യാര്‍ഥികളെ മാത്രമാണ് ഇരുത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാണ് അകത്തേക്കു പ്രവേശിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ശരീര താപനില പരിശോധിച്ച് സാനിറ്റൈസറും നല്‍കും. സ്കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പു നല്‍കിയിരുന്നു.
ആഴ്ചയില്‍ 6 ദിവസം ക്ലാസുകള്‍ നടത്താനാണു തീരുമാനം. കോളജ് വിദ്യാര്‍ഥികള്‍ക്കു ക്യാംപസില്‍ തന്നെ വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, സ്കൂളുകളിലും കോളജുകളിലും വരാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
പുതുച്ചേരിയിലും സ്കൂളുകളും കോളജുകളും തുറന്നു. ഡല്‍ഹി, അസം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും 50% വിദ്യാര്‍ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചു.