ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കും. സോണിയാ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി.
ശശി തരൂര്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മത്സരിക്കാമെന്നുമായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി. പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിങ് എന്നിവര്‍ക്കൊപ്പമാണ് തരൂര്‍ ഡല്‍ഹി ജന്‍പഥിലെ വസതിയിലെത്തി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
ഒക്ടോബര്‍ 17നാണ് പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് തിരഞ്ഞെടുപ്പ്. പദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തിനകം ആരംഭിക്കും.
അതേസമയം,2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ രാഹുല്‍ ഗാന്ധി മത്സരത്തിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, യുപി കോണ്‍ഗ്രസ് ഘടകങ്ങള്‍ കൂടി രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാന്‍, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പ്രമേയം പാസാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കുമ്ബോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം