ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ചാനലുകള്‍ വേദിയൊരുക്കുന്നുവെന്ന് സുപ്രീം കോടതി. ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും കോടതി പറഞ്ഞു.
എന്നാല്‍ പല അവതാരകരും ഇതിന് തയ്യാറല്ല. അവതാരകര്‍ക്ക് രാഷ്ട്രീയം ഉണ്ടാകാം. ചാനലുകള്‍ക്ക് വ്യവസായ താല്‍പ്പര്യങ്ങളും ഉണ്ടാകും. എന്നാല്‍ വിദ്വേഷ പ്രസംഗം പോലുള്ള കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിരീക്ഷണം.
ചര്‍ച്ചയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സംസാരിക്കാന്‍ ചില അവതാരകര്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.എം മഞ്ജുനാഥ് ആരോപിച്ചു. ചാനല്‍ ചര്‍ച്ചകള്‍ പ്രേക്ഷകരുടെ ഗുണത്തിന് വേണ്ടിയുള്ളതാണ്. എന്നാല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ ഉച്ചത്തിലുള്ള ബഹളത്തിനിടയില്‍ അതിഥികള്‍ക്ക് എങ്ങനെ സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.