Saturday, September 23, 2023

HomeArticlesജി-ഭാരതം

ജി-ഭാരതം

spot_img
spot_img

പി ശ്രീകുമാര്‍

‘ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം നല്‍കാന്‍ ഇന്ത്യ നിര്‍ദേശിച്ചത് ഏവര്‍ക്കുമൊപ്പം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. തുടര്‍ നടപടികളുമായി നാം മുന്നോട്ടു പോകുന്നതിന് മുമ്പ് ആഫ്രിക്കന്‍ യൂണിയന്‍ അധ്യക്ഷനെ ജി-20 സ്ഥിരാംഗമായി അവരുടെ സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിക്കുന്നു’ ജി 20 ഉച്ചകോടിയുടെ ആരംഭസമ്മേളനത്തിലെ അധ്യക്ഷപ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ ലോകനേതാക്കള്‍ കയ്യടിച്ചു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അസാലി അസ്സൗമാനിയെ ആനയിച്ചുകൊണ്ടുവന്നു. മോദിയെ ഗാഢാലിംഗനം ചെയ്തശേഷം അസാലി സ്ഥിരാംഗങ്ങള്‍ക്കൊപ്പം ഇരുന്നപ്പോള്‍ അതൊരു ചരിത്ര സംഭവമായി. 50 ല്‍ അധികം രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ യൂണിയന്‍ ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍ അംഗമായി. വികസിത രാജ്യങ്ങളുടെ ആശങ്കകളും ആശയങ്ങളും വെല്ലുവിളികളും മുന്‍ഗണനകളും പ്രകടിപ്പിക്കാനുള്ള വേദിയായികൂടി ജി 20 മാറണം എന്ന കാഴ്ചപ്പാടൊടെ അതിനായി അക്ഷീണം ശ്രമിച്ച ഇന്ത്യയ്ക്കും നരേന്ദ്രമോദി അംഗീകാരം കൂടിയായിരുന്നു അത്. ആരെയും പിന്നിലാക്കരുത് എല്ലാ ശബ്ദവും കേള്‍ക്കണം എന്ന നയത്തിന്റെ ഭാഗമായി ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ സമ്മേളനങ്ങള്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടത്തിയിരുന്നു.100കോടി ജനങ്ങളുള്ള ഭൂഖണ്ഡമായ ആഫ്രിക്കകൂടി ജി 20 ല്‍ ഉള്‍പ്പെടുമ്പോള്‍ ലോകരാജ്യങ്ങളുമായുള്ള വ്യാപാര അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.


ലോകത്തിനു സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതോടൊപ്പം സാമാന്യ നീതി കൂടി ഉറപ്പാക്കണമെന്ന വിധത്തിലേക്ക് ജി20 കൂട്ടായ്മ വ്യാപിച്ച സാഹചര്യത്തിലാണ് ‘വസുധൈവ കുടുംബകം’ എന്ന ആപ്തവാക്യം ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ മുദ്രാവാക്യമായി സ്വീകരിച്ചത്. ലോകത്തിന്റെ തെക്കേഭാഗത്തുള്ള രാജ്യങ്ങള്‍ വികസനത്തില്‍ പിന്നിലാണെന്നത് വസ്തുതയാണ്. വിഭവ വികസന തലത്തിലെ മൂന്നാം ലോകം എന്ന നിലയ്ക്കാണ് ഗ്ലോബല്‍ സൗത്ത് എന്ന ആശയം ശക്തിപ്രാപിച്ചത്. ഡല്‍ഹിയില്‍ ഗ്ലോബല്‍ സൗത്ത് കണ്‍വന്‍ഷന്‍ നടത്തി അഭിപ്രായ രൂപീകരണം നടത്തിയ ശേഷമാണ് ആഫ്രിക്കന്‍ യൂണിയനു വേണ്ടി ഇന്ത്യ ശക്തമായ വാദമുന്നയിച്ചത്, ഇതുമാത്രമല്ല എല്ലാതരത്തിലും ഭാരതത്തെ അടയാളപ്പെടുത്തുക മാത്രമല്ല നരേന്ദ്രമോദിയുടെ നേതൃഗുണവും നയതന്ത്ര ചാരുതയും വിളിച്ചു പറയുന്നതുമായിരുന്നു 20- ഉച്ചകോടി.

എല്ലാതരത്തിലും വിജയമായ സമ്മേളനം. ഉച്ചകോടിയില്‍ സംയുക്തപ്രമേയം ഉണ്ടായി എന്നതുതന്നെ ഭാരതത്തിന്റെ മികവ് വിളിച്ചോതുന്നതാണ്.ഉക്രയന്‍ യുദ്ധത്തിന് പരിഹാരം ഉണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം. ആണവായുധങ്ങള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കന്മാരുടെ പ്രഖ്യാപനം എന്ന് പേരിട്ടിരിക്കുന്ന സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കുന്നു.കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ ഉക്രയന്‍ യുദ്ധം ഇടയാക്കിയെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. റഷ്യ അധിനിവേശം നടത്തി എന്ന് രേഖയില്‍ വേണമെന്നായിരുന്നു പാശ്ചാത്യരാജ്യങ്ങളുടെ നിലപാട്. സംയുക്തപ്രഖ്യാപനത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശം പാടില്ലെന്നായിരുന്നു റഷ്യയുടേയും ചൈനയുടേയും ആവശ്യം. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ഭാരതത്തിന്റെ ശ്രമമാണ് വിജയിച്ചിരിക്കുന്നത്. സംയുക്ത പ്രഖ്യാപനമില്ലാതെ സമ്മേളനം അവസാനിക്കുന്നത് നയതന്ത്രപരമായി തിരിച്ചടിയാകുമെന്നതിനാല്‍ കടുത്ത പ്രയത്‌നത്തിലൂടെയാണ് അവസാന നിമിഷം അതിലേക്കെത്തി്ക്കായത്. 200 മണിക്കൂറുകളോളം 300 ലധികം മീറ്റിംഗുകള്‍ക്ക് ശേഷമാണ് സമവായം ഉണ്ടായത് എന്ന പറയുേേമ്പാള്‍ പിന്നിലെ ശ്രമം ഊഹിക്കാം.
‘രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു.

സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഒന്നിക്കുകയും യുക്രെയ്‌നില്‍ സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ല” സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
ആഗോള ഭക്ഷ്യ- ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാന്‍ഷ്യല്‍ സ്ഥിരത, പണപ്പെരുപ്പം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുക്രൈനിലെ യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തിലുണ്ട്.


കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന, വിശേഷിച്ച് വികസ്വര രാജ്യങ്ങളേയും കുറഞ്ഞ വികസിത രാജ്യങ്ങളേയും യുദ്ധം മോശമായി ബാധിച്ചുവെന്ന് പ്രസ്താവനയിലുണ്ട്. ആഗോള ഭക്ഷ്യ- ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാന്‍ഷ്യല്‍ സ്ഥിരത, പണപ്പെരുപ്പം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
സംഘര്‍ഷങ്ങളുടെ സമാധാനപരമായ പരിഹാരം വേണമെന്നും പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങളും നയതന്ത്രവും സംഭാഷണവും നിര്‍ണായകമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയ നിലപാടുകളെക്കാള്‍ സാമ്പത്തിക വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ക്കും തീരുമാനങ്ങളക്കുമാണ് ജി 20 ഉച്ചകോടിയില്‍ പ്രധാന്യം. അങ്ങനെ വിലയിരുത്തിയാലും ഭാരതത്തിന്റെ താല്‍പര്യം മുഴച്ചു നിന്ന തീരുമാനങ്ങളാണ് ഉണ്ടായത്. ഭാരതം-ഗള്‍ഫ്- യൂറോപ് സാമ്പത്തിക ഇടനാഴിയാണത്.
ജി 20 ഉച്ചകോടിയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണിതെന്നു പറയാം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാര്‍ പ്രഖ്യാപിച്ചത്. ബഹുരാഷ്ട്ര റെയില്‍, തുറമുഖ കരാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റേയും സാമ്പത്തിക സംയോജനത്തിന് ഫലപ്രദമായ മാധ്യമമായി മാറും.യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുടനീളം റെയില്‍വേ, തുറമുഖ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ഭാരതവും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വരെ വേഗത്തിലാക്കും.


ആധുനിക കാലത്തെ സുഗന്ധവ്യഞ്ജന റൂട്ട് ആയി ഇടനാഴിമാറും, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാരം ശക്തിപ്പെടുത്താനും ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നു.പദ്ധതിയില്‍ ഡാറ്റ, റെയില്‍, വൈദ്യുതി, ഹൈഡ്രജന്‍ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ ഉള്‍പ്പെടും.നാമെല്ലാവരും സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തില്‍ എത്തിയിരിക്കുന്നതായി കരാറിനെ പരാമര്‍ശിച്ച് മോദി പറഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി20 പ്രമേയത്തെയാണ് കരാര്‍ പ്രതീകപ്പെടുത്തുന്നതെന്നായിരുന്നു ബൈഡന്റെ അഭിപ്രായം.
സുപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനായിപ്രവര്‍ത്തിച്ചവര്‍ക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ നന്ദി അറിയിച്ചു.
ജി20 അധ്യക്ഷരാജ്യം എന്ന നിലയില്‍ ഇന്ത്യ മുന്നോട്ടുവെച്ച സംരംഭമാണ് ആഗോള ജൈവ ഇന്ധന സഖ്യം. ഭാരതത്തിനു പുറമെ സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഇറ്റലി, യുഎസ്എ, ബ്രസീല്‍, അര്‍ജന്റീന, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളുടെ സഖ്യത്തിനു ജി 20യില്‍ തുടക്കംകുറിക്കാനായി. സാങ്കേതിക മുന്നേറ്റങ്ങള്‍ സുഗമമാക്കല്‍, സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ ഉപയോഗം ഊര്‍ജിതമാക്കല്‍, മേഖലയുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തത്തോടെ ശക്തമായ മാനദണ്ഡ ക്രമീകരണവും അംഗീകാരവും രൂപപ്പെടുത്തല്‍ എന്നിവയിലൂടെ ജൈവ ഇന്ധനങ്ങളെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതു ത്വരിതപ്പെടുത്താനാണു സഖ്യം ഉദ്ദേശിക്കുന്നത്. വിജ്ഞാന സങ്കേതമായും വിദഗ്ധ കേന്ദ്രമായും സഖ്യം പ്രവര്‍ത്തിക്കും. ജൈവ ഇന്ധനങ്ങളുടെ പുരോഗതിക്കും വ്യാപകമായ സ്വീകാര്യതയ്ക്കും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്ന വേദിയായി പ്രവര്‍ത്തിക്കാനാണു സഖ്യം ലക്ഷ്യമിടുന്നത്.


ജി20യെ രാജ്യം മുഴുവന്‍ പങ്കാളിത്തമുള്ള ജനകീയ സമ്മേളനമാക്കി മാറ്റി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒന്നരക്കോടിയോളം സാധാരണക്കാരെ
പങ്കാളിത്തത്തില്‍ ഉള്‍പ്പെടുത്തുക വഴി, ഇതുവരെ നടന്ന ഏറ്റവും വലിയ ജനകീയ ജി20 സമ്മേളനമാക്കാനായി .ജി20യുടെ 200 അനുബന്ധ സമ്മേളനങ്ങള്‍ രാജ്യത്തെ 60 നഗരങ്ങളില്‍ നടന്നു. അതോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഒരുക്കങ്ങളിലും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളുണ്ടാക്കാനായി. ഡല്‍ഹിയില്‍ ഭാരത് മണ്ഡപമെന്ന ലോകോത്തര കണ്‍വന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമായി. പല സംസ്ഥാനങ്ങളുടെയും തനത് കലകളും ഉല്‍പന്നങ്ങളും ആഗോളതലത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇതെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരതത്തിന് ഗുണം ചെയ്യുമെന്നകാര്യത്തില്‍ സംശയമില്ല

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments