ഹൈദരാബാദ്: ഇൻഡ്യ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ഇതിനകം ചകിതരാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയം.
സഖ്യത്തിലേക്ക് കൂടുതല്‍ കക്ഷികള്‍ വന്നുചേരുന്നത് പ്രമേയം സ്വാഗതം ചെയ്തു. ഇതടക്കം 14 വിഷയങ്ങള്‍ അടങ്ങുന്ന പ്രമേയമാണ് ആദ്യ ദിവസത്തെ ചര്‍ച്ചക്കൊടുവില്‍ പ്രവര്‍ത്തക സമിതി അംഗീകരിച്ചത്.
പ്രമേയത്തിന്റെ സംഗ്രഹം
1- ജമ്മു കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സേന, പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച സമിതി, രാജ്യം വിലപിക്കുന്ന സമയത്ത് ബി.ജെ.പിയും പ്രധാനമന്ത്രിയും ജി20യില്‍ സ്വയം അഭിനന്ദിക്കാൻ നടത്തിയ ആഘോഷം മാപ്പര്‍ഹിക്കാത്ത നിന്ദയാണ്.
2- കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ ഒരു വര്‍ഷക്കാലത്തെ പ്രകടനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ അഭിനന്ദിക്കുന്നു
3- രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍, അതിന്റെ ചൈതന്യവും വികാരവും മുറുകെ പിടിച്ച് യാത്രയുമായി മുന്നോട്ടുപോകും. യാത്രയുടെ വിജയത്തിലുള്ള പ്രതികാരമായിരുന്നു രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കല്‍.
4- കലാപം തുടരുന്ന മണിപ്പൂരില്‍ ഭരണഘടന സംവിധാനങ്ങള്‍ തകര്‍ന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.
5- തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 10 വര്‍ഷം ‘മൊറട്ടോറിയം’ പ്രഖ്യാപിച്ച ജാതിയതയും വര്‍ഗീയതയും പ്രാദേശികവാദവും ഒമ്ബതു വര്‍ഷംകൊണ്ട്, അദ്ദേഹത്തിന്റെ തന്നെ വിവേചന നടപടികളാല്‍ രൂക്ഷമായി.
6- ചുരുങ്ങിയ താങ്ങുവില അടക്കമുള്ളവയില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാറിനെ ഓര്‍മിപ്പിക്കുന്നു.
7- തൊഴിലില്ലായ്മ വര്‍ധിക്കുന്നതിലും വിലക്കയറ്റം രൂക്ഷമാകുന്നതിലും ആശങ്ക.
8- പുതിയ ഭരണഘടനക്കും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റത്തിനുമുള്ള ആഹ്വാനങ്ങള്‍ തള്ളുന്നു.
9- പാര്‍ലമെന്റ് ചര്‍ച്ചകളും പരിശോധനകളും അപ്രത്യക്ഷമാകുന്നു. മതിയായ ചര്‍ച്ചയും പരിശോധനയുമില്ലാതെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമനിര്‍മാണം തിരക്കിട്ട് നടത്തുകയാണ്. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ വനിത ബില്‍ പാസാക്കണം.
10- പ്രധാനമന്ത്രിയുടെ ചങ്ങാത്തത്തിന്റെയും പക്ഷപാതപരമായ നയങ്ങളുടെയും ഗുണഭോക്താവായ അദാനി വ്യവസായ ഗ്രൂപ്പിന്റെ ഇടപാടുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെടുന്നു.
11- ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഫെഡറലിസത്തിനെതിരായ ആക്രമണം. പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ മോദി സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നു.
12- ഇന്ത്യൻ ഭൂപ്രദേശത്തേക്കുള്ള ചൈനയുടെ കടന്നുകയറ്റവും തുടരുന്ന പ്രകോപനവും അപലപിക്കുന്നു.
13- ജാതിയോ മതമോ സമ്ബന്നനെന്നോ ദരിദ്രനെന്നോ ചെറുപ്പമെന്നോ വാര്‍ധക്യമെന്നോ വിവേചനമില്ലാതെ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്ന ഒരു രാജ്യത്തിന്റെ വീണ്ടെടുപ്പിന് പ്രതിജ്ഞ ചെയ്യുന്നു.
14- രാജ്യത്തെ വിഭജന ധ്രുവീകരണ രാഷ്ട്രീയത്തില്‍നിന്ന് മോചിപ്പിക്കാൻ ഇൻഡ്യ സഖ്യത്തെ ആദര്‍ശത്തിലും തെരഞ്ഞെടുപ്പിലും വിജയിപ്പിക്കും.