ന്യൂഡല്‍ഹി: ഗണേഷ ചതുര്‍ഥി ദിവസമായ ചൊവ്വാഴ്ച പുതിയ മന്ദിരത്തില്‍ പാര്‍ലമെന്റ് ചേരും. ലോക്സഭാ നടപടികള്‍ പകല്‍ 1.15ന് തുടങ്ങും.
രാജ്യസഭാ നടപടികള്‍ 2.15ന് ആരംഭിക്കും. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയോടെ പഴയ മന്ദിരത്തിലെ ലോക്സഭാ–- രാജ്യസഭാ നടപടികള്‍ തിങ്കളാഴ്ച അവസാനിച്ചു. ചൊവ്വാഴ്ച പകല്‍ ഒൻപതിന് എത്താനാണ് എംപിമാര്‍ക്ക് നിര്‍ദ്ദേശം. 9.30ഓടെ എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിലേക്ക് കടക്കും. 11ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെൻട്രല്‍ ഹാളില്‍ ലോക്സഭാ- രാജ്യസഭാ എംപിമാര്‍ പങ്കെടുത്തുള്ള പ്രത്യേക ചടങ്ങുണ്ടാകും.
രാജ്യസഭാധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ നേതാവ്, പാര്‍ലമെന്ററിമന്ത്രി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്, ലോക്സഭയിലെ വലിയ പാര്‍ടിയുടെ നേതാവ് എന്നിവര്‍ പങ്കെടുക്കുമെന്ന് പാര്‍ലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. 12.30ന് എംപിമാര്‍ പുതിയ പാര്‍ലമെന്റിലേക്ക് പ്രവേശിക്കും.
ചൊവ്വാഴ്ച ഗണേഷ ചതുര്‍ഥി ദിവസത്തില്‍ പുതിയ പാര്‍ലമെന്റിലേക്ക് മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ പാര്‍ലമെന്റില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.