ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ അതൃപ്തിയുമായി സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലുള്ള ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തിന് കൈമാറാത്തതില്‍ ആണ് സുപ്രീംകോടതി അതൃപ്തി തുറന്ന് പറഞ്ഞത്.
പേരുകള്‍ വ്യക്തമാക്കുന്നതില്‍ കേന്ദ്രം കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ചിന്റെതാണ് നിരീക്ഷണം. ‘ഹൈക്കോടതിയില്‍ നിന്നുള്ള 80 പേരുകള്‍ പത്ത് മാസമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. അടിസ്ഥാനപരമായ ഒരു പ്രക്രിയ മാത്രമേ നടക്കുന്നുള്ളൂ. കൊളീജിയം വിളിക്കാന്‍ നിങ്ങളുടെ അഭിപ്രായം അറിയേണ്ടതുണ്ട്,’ ജസ്റ്റിസ് എസ് കെ കൗള്‍ കേന്ദ്രത്തോട് പറഞ്ഞു.
കേന്ദ്രത്തിന്റെ മറുപടി രണ്ടാഴ്ചക്കകം അറിയിക്കണം എന്നും അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 26 ജഡ്ജിമാരുടെ സ്ഥലംമാറ്റവും ഒരു സെന്‍സിറ്റീവ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും തീരുമാനമായിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി ശുപാര്‍ശ ചെയ്തിട്ടും കൊളീജിയത്തിന് ലഭിച്ചിട്ടില്ലാത്ത എത്ര പേരുകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു എന്നതിന്റെ വിവരം തന്റെ പക്കലുണ്ടെന്നും എസ് കെ കൗള്‍ പറഞ്ഞു.
അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ച ബെഞ്ച് കേസ് ഇനി ഒക്ടോബര്‍ 9ന് പരിഗണിക്കും എന്ന് അറിയിച്ചു. ‘എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ ഞാന്‍ എന്നെത്തന്നെ നിയന്ത്രിക്കുകയാണ്. പ്രതികരിക്കാന്‍ എജി ഒരാഴ്ച സമയം ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ നിശബ്ദനാകുന്നു,’ എസ് കെ കൗള്‍ പറഞ്ഞു.
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് നാളേറെയായി. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് കേന്ദ്രമന്ത്രിമാരുടെ വാദം. ജഡ്ജിമാരുടെ നിയമനങ്ങളില്‍ എക്‌സിക്യൂട്ടീവിന് വലിയ പങ്ക് നല്‍കുന്ന ദേശീയ ജുഡീഷ്യല്‍ നിയമന നിയമം 2015 ഒക്ടോബറില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും നിയമിക്കുന്നതിന് ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നതാണ് കൊളീജിയം സമ്ബ്രദായം. ശുപാര്‍ശ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അതിന്റെ ക്ലിയറന്‍സിന് ശേഷം രാഷ്ട്രപതി നിയമനങ്ങള്‍ നടത്തുകയും ചെയ്യുകയാണ് രീതി. അതേസമയം നിലവില്‍ 14 ജഡ്ജിമാരുടെ ഒഴിവാണ് കേരള ഹൈക്കോടതിയില്‍ ഉള്ളത്.
പല ഘട്ടങ്ങളിലായി ഹൈക്കോടതി കൊളീജിയം നിയമനത്തിനായി ഒമ്ബത് പേരുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.