2024ലെ റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ കര്‍ണാടകയില്‍ നിന്നുള്ള ചെരുപ്പുകുത്തിയും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതി എന്ന പ്രദേശത്ത് താമസിക്കുന്ന മണികണ്ഠയ്ക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. കുന്തപുരയിലെ ശാസ്ത്രി സര്‍ക്കിളില്‍ ചെരുപ്പുകുത്തിയായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ് മണികണ്ഠ.
ജീവിതത്തിലാദ്യമായി വിമാനത്തില്‍ കയറാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് മണികണ്ഠ ഇപ്പോള്‍.
” വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോള്‍. ഇതാദ്യമായാണ് ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്. സാധാരണ ചെരുപ്പുകുത്തിയായ എന്നെ ഇത്തരമൊരു വലിയ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ട്,” എന്നും മണികണ്ഠ പറഞ്ഞു.
ഇതുവരെ ടിവിയില്‍ മാത്രമാണ് റിപ്പബ്ലിക് ദിന പരേഡ് കണ്ടിട്ടുള്ളത്. പരേഡ് നേരില്‍ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
” റിപ്പബ്ലിക് ദിന പരേഡ് അടുത്ത് നിന്ന് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ഇതുവരെ പരേഡ് ടിവിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. യാത്രയ്ക്കായുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്,” മണികണ്ഠ പറഞ്ഞു.
തന്റെ കുടുംബം പാരമ്പര്യമായി ചെയ്ത് വരുന്ന ജോലിയാണ് ചെരുപ്പ് നന്നാക്കല്‍ എന്നും അദ്ദേഹം പറഞ്ഞു. അമ്പത് വര്‍ഷം മുമ്പ് തന്റെ മുത്തച്ഛന്‍ ചെരിപ്പ്, കുട എന്നിവ നന്നാക്കുന്ന കട ആരംഭിച്ചിരുന്നു. മുത്തച്ഛന്റെ മരണശേഷം അച്ഛന്‍ ഈ ജോലി ഏറ്റെടുത്തു. അച്ഛന് വയ്യാതായതോടെയാണ് മണികണ്ഠ ഈ രംഗത്തേക്ക് കടന്നുവന്നത്. കഴിഞ്ഞ 25 വര്‍ഷമായി മണികണ്ഠ ഈ ജോലി ചെയ്യുന്നുണ്ടെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.