വൈദ്യുതി പ്രതിസന്ധിക്കെതിരെ അത്യപൂർവ പ്രതിഷേധവുമായി കർണാടകയിലെ കർഷകർ. വിജയപുര ജില്ലയിലെ പവർ സ്റ്റേഷനിൽ മുതലയുമായി എത്തിയാണ് കർഷകർ പ്രതിഷേധിച്ചത്. ഒക്‌ടോബർ 19 ന് ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ഹെസ്‌കോം) ഓഫീസിലാണ് ഒരു കൂട്ടം കർഷകർ ട്രാക്ടറിന്റെ ട്രോളിയിൽ മുതലയുമായി എത്തിയത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വൈദ്യുതി ഇല്ലാതെ രാത്രിയിൽ ആരെങ്കിലും പാമ്പോ തേളോ മുതലയോ കടിച്ചു മരിച്ചാൽ എന്ത് നടപടി സ്വീകരിക്കുമെന്ന് ചോദിച്ചുകൊണ്ടാണ് കർഷകർ ഹെസ്‌കോം ഓഫീസിൽ പ്രതിഷേധിച്ചതെന്ന് റിപ്പോർട്ടുണ്ട്. കർഷകർ മുതലയെ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി, തങ്ങളുടെ വിളകൾ ഉണങ്ങുന്നത് തടയാൻ പകൽ മുഴുവൻ തുടർച്ചയായി ത്രീഫേസ് വൈദ്യുതി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. സംഭവം വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ അൽമാട്ടി നദിയിൽ തുറന്നുവിട്ടു.
ഈ വർഷം വരൾച്ച കാരണം സംസ്ഥാനത്ത് ഒക്ടോബറിൽ ഉപഭോഗം 10,000 മെഗാവാട്ടിൽ നിന്ന് 16,000 മെഗാവാട്ടായി ഉയർന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കർണാടകയിലെ വൈദ്യുതി ക്ഷാമം അയൽസംസ്ഥാനമായ തെലങ്കാനയിലും ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. കർഷകരെ പ്രതികൂലമായി ബാധിക്കുന്ന സർക്കാർ ഏർപ്പെടുത്തിയ ലോഡ്ഷെഡിംഗിനെതിരെ ഭാരതീയ ജനതാ പാർട്ടിയും ജനതാദളും (സെക്കുലർ) പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മറുവശത്ത്, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടി നേതാവ് കെ കവിതയും തെലങ്കാനയിൽ കോൺഗ്രസിനെ ആക്രമിക്കാൻ ഈ വിഷയം ഉപയോഗിക്കുന്നു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി സിദ്ദരാമയ്യ, അടുത്തിടെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കർഷകർക്ക് തുടർച്ചയായി അഞ്ച് മണിക്കൂർ ത്രീഫേസ് വൈദ്യുതി കണക്ഷൻ നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. വൈദ്യുതി ലഭ്യതയുള്ളിടത്തെല്ലാം സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനും സംസ്ഥാനത്തെ പഞ്ചസാര ഫാക്ടറികളിലെ കോജനറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. കർഷകർക്ക് ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.