Friday, June 13, 2025

HomeNewsIndiaറിലയൻസ് ഇൻഡസ്ട്രീസിൽ തലമുറമാറ്റം; ഇഷയുടെയും ആകാശിന്റെയും അനന്തിന്റെയും നിയമനത്തിന് അം​ഗീകാരം.

റിലയൻസ് ഇൻഡസ്ട്രീസിൽ തലമുറമാറ്റം; ഇഷയുടെയും ആകാശിന്റെയും അനന്തിന്റെയും നിയമനത്തിന് അം​ഗീകാരം.

spot_img
spot_img

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡ് അംഗങ്ങളായി മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ നിയമിക്കാനുള്ള തീരുമാനത്തിന് ബോർഡം​ഗങ്ങളുടെ അം​ഗീകാരം ലഭിച്ചു. ഈ വർഷം ഓ​ഗസ്റ്റിൽ നടന്ന റിലയൻസിന്റെ വാർഷിക സമ്മേളനത്തിലാണ് തലമുറമാറ്റം പ്രഖ്യാപിച്ചത്. നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായാണ് മൂവരെയും നിയമിച്ചത്. വേണ്ടതിലും അധികം ഭൂരിപക്ഷത്തോടെയാണ് മൂവരുടെയും നിയമനത്തിന് അം​ഗീകാരം ലഭിച്ചതെന്ന് കമ്പനി അറിയിച്ചു.

98.21 ശതമാനം വോട്ടുകൾ നൽകിയാണ് ഇഷ അംബാനിയുടെ ഡയറക്ടർ ബോർഡിലേക്കുള്ള നിയമനത്തിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ അംഗീകാരം നൽകിയത്. ആകാശ് അംബാനിക്ക് 98.06 ശതമാനം വോട്ടും അനന്ത് അംബാനിക്ക് അനുകൂലമായി 92.75 ശതമാനം വോട്ടും ലഭിച്ചു.

ഇഷ, ആകാശ്, അനന്ത് എന്നിവരെ റിലയൻസ് ഇൻഡസ്ട്രീസിലെ വിവിധ ബിസിനസുകളുടെ തലപ്പത്തേക്ക് ക്രമേണ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2021 ഡിസംബറിൽ മുകേഷ് അംബാനി കമ്പനിയിലെ നേതൃമാറ്റത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. “ആകാശ്, ഇഷ, അനന്ത് എന്നിവർ അടുത്ത തലമുറയിലെ നേതാക്കളെന്ന നിലയിൽ റിലയൻസിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നതിൽ എനിക്ക് സംശയമില്ല”, എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിത അംബാനി റിലയൻസ് ബോർഡിൽ നിന്ന് പടിയിറങ്ങിയിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി നിത അംബാനി തുടരും. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സൺ എന്ന നിലയിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എല്ലാ മീറ്റിംഗുകളിലും സ്ഥിരം ക്ഷണിതാവായി നിത അംബാനി പങ്കെടുക്കും. വാർഷിക സമ്മേളനത്തിൽ പ്രഖ്യാപിച്ചതുപോലെ, മുകേഷ് അംബാനി കമ്പനിയുടെ ചെയർമാനും എംഡിയുമായി അടുത്ത അഞ്ച് വർഷത്തേക്ക് തുടരും.

മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് കഴിഞ്ഞ വർഷം ജൂലൈയിലാണ് ജിയോ പ്ലാറ്റ്‌ഫോമിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ടത്. ജിയോ പ്ലാറ്റ്‌ഫോമുകളിലെ ബോർഡ് അംഗം കൂടിയാണ് അദ്ദേഹം, “5 ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിർമാണത്തിൽ അദ്ദേഹം മേൽനോട്ടം വഹിക്കുന്നു”, പ്രസ്താവനയിൽ കമ്പനി പറഞ്ഞു.

മുകേഷ് അംബാനിയുടെ മൂന്ന് മക്കളിൽ ഇളയവനായ അനന്ത് അംബാനി, 2020 മാർച്ച് മുതൽ ജിയോ പ്ലാറ്റ്‌ഫോമുകളുടെയും 2022 മെയ് മാസം മുതൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെയും 2021 ജൂൺ മുതൽ റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി എന്നിവയുടെയും ബോർഡുകളിൽ ഡയറക്ടറാണ്. റിലയൻസ് ഫൗണ്ടേഷന്റെ ബോർഡിലും 2022 സെപ്റ്റംബർ മുതൽ അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്.

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും ഇഷ അംബാനിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments