ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) പക്കലുള്ള കോവിഡ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. കോവിഡ് ടെസ്റ്റ് നടത്തിയ 81.5 കോടി ഇന്ത്യക്കാരുടെ വിശദാംശങ്ങൾ വിൽപനയ്ക്കെത്തിയിട്ടുണ്ട് എന്നാണ് ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഡാർക്ക് വെബിലാണ് വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഐസിഎംആർ പരാതി നൽകിയാൽ, ഈ വിഷയം സിബിഐ അന്വേഷിക്കാനും സാധ്യതയുണ്ട്. അമേരിക്കൻ സൈബർ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഏജൻസിയാണ് ആദ്യം ഈ ഡാറ്റാ ലീക്ക് കണ്ടെത്തിയത്.
പേര്, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം, രാജ്യത്തെ പൗരൻമാരുടെ ആധാർ, പാസ്‌പോർട്ട് വിവരങ്ങളും ലീക്ക് ആയിട്ടുണ്ട്. പൗരന്മാരുടെ കോവിഡ് -19 ടെസ്റ്റ് വിശദാംശങ്ങളിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചതെന്ന് ‘ത്രഡ് ആക്ടർ’ എന്ന എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു.
ഫെബ്രുവരി മുതൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പലതരം സൈബർ ആക്രമണ ശ്രമങ്ങൾ നേരിടുന്നുണ്ട്. ഐസിഎംആറിനും കേന്ദ്ര ഏജൻസികൾക്കും കൗൺസിലിനും ഇത് അറിയാമായിരുന്നു. ഐസിഎംആർ സെർവറുകൾ ഹാക്ക് ചെയ്യാൻ കഴിഞ്ഞ വർഷം 6,000 ശ്രമങ്ങൾ നടന്നിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ ലീക്ക് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾ ഐസിഎംആറിനെ അറിയിച്ചിരുന്നതായും ചില വൃത്തങ്ങൾ അറിയിച്ചു. പുതിയ വിവരങ്ങൾ സംബന്ധിച്ച് പ്രതികരണം തേടുന്നതിനായി ന്യൂസ് 18 ഐസിഎംആറിനെ ബന്ധപ്പെട്ടിരുന്നെങ്കിലും ഇതുവരെ മറുപടി ലഭ്യമായിട്ടില്ല.
ഡാർക്ക് വെബിൽ വിൽപനക്കെത്തിയ ഡാറ്റയും ഐസിഎംആറിന്റെ പക്കലുള്ള ഡാറ്റയും ഒന്നു തന്നെയാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) ഐസിഎംആറിനെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വിവിധ ഏജൻസികളിലെയും മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഡാറ്റ ചോർച്ചയിൽ വിദേശത്തു നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഈ വിഷയം രാജ്യത്തെ ഒരു പ്രധാന ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത് പ്രധാനമാണെന്നും ചില സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കോവിഡ് -19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച ചില വിവരങ്ങൾ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ ( National Informatics Centre (NIC)), ഐസിഎംആർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുണ്ട്. അതിനാൽ ചോർച്ചയുടെ പ്രഭവകേന്ദ്രം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ചില വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു.
ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളെ ഇതാദ്യമായല്ല ഹാക്കർമാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (AIIMS) സൈബർ ആക്രമണം നേരിട്ടിരുന്നു. ഇത് ഔട്ട്പേഷ്യന്റ് ഡിപാർട്മെന്റിലെയും (OPD) സാമ്പിൾ കളക്ടീവ് സർവീസിലെയും സേവനങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഒരു അയൽ രാജ്യത്തിന് ഈ സൈബർ ആക്രമണവുമായി ബന്ധമുണ്ടെന്ന് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.