Monday, July 22, 2024

HomeNewsIndiaനടി കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

നടി കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

spot_img
spot_img

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം. കങ്കണയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച പത്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്രീയ പാര്‍ട്ടികളും നേതാക്കളും രംഗത്തു വന്നിരിക്കുകയാണിപ്പോള്‍. ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്ന കങ്കണയുടെ പ്രസ്താവനയാണ് വന്‍ വിവാദമായിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ കോണ്‍ഗ്രസ് ഭരണം ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നെന്നും 1947ല്‍ കിട്ടിയെന്നു പറയുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയ ഭിക്ഷയാണെന്നുമാണ് കങ്കണ പറഞ്ഞത്. യഥാര്‍ഥ സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ തുറന്നുപറച്ചിലിന്റെ പേരില്‍ തനിക്കെതിരേ കേസുകള്‍ വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് അതു നല്‍കിയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് കങ്കണയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. പ്രസ്താവനയുടെ പേരില്‍ കങ്കണ എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണം. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനവും സമരസേനാനികളുടെ ത്യാഗവുമാണ് അപമാനിക്കപ്പെട്ടത്. അധിക്ഷേപങ്ങളുന്നയിക്കുന്ന ഒരു സ്ത്രീയുടെ കൈയില്‍നിന്ന് സര്‍ക്കാര്‍ അഭിമാനകരമായ പദ്മ പുരസ്‌കാരം തിരിച്ചെടുക്കണംവല്ലഭ് പറഞ്ഞു.

അതേസമയം, കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് മുന്‍കേന്ദ്രമന്ത്രിയായ ആനന്ദ ശര്‍മയും ആവശ്യപ്പെട്ടു. ഇതുപോലെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് അവരുടെ മാനസികനില കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഭാവിയില്‍ അവര്‍ രാജ്യത്തേയോ വീരപുരുഷന്മാരേയോ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും ആനന്ദ ശര്‍മ ട്വീറ്റ് ചെയ്തു.

യാചിച്ചവര്‍ക്ക് മാപ്പും ധീരമായി പോരാടിയവര്‍ക്ക് സ്വാതന്ത്ര്യവും ലഭിച്ചുവെന്ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തതിനെ സൂചിപ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്. കങ്കണയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്ന് കത്തില്‍ പറയുന്നു.

കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിട്ടുണ്ട്. നടിക്കെതിരേ രാജ്യദ്രോഹത്തിനും സ്പര്‍ധയുണ്ടാക്കലിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗം പ്രീതി ശര്‍മ മേനോന്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments