ചെന്നൈ: സംസ്ഥാനത്തെ 44 കേന്ദ്രങ്ങളില്‍ ഞായറഴ്ച ആര്.എസ്.എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ മദ്രാസ് ഹൈകോടതി അനുമതി നല്‍കിയെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.
മൊത്തം 50 കേന്ദ്രങ്ങളില്‍ പരിപാടി നടത്താനാണ് ആര്.എസ്.എസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോയമ്ബത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളിലെ ആറിടങ്ങളില്‍ അനുമതി നിഷേധിക്കുകയായിരുന്നു. തമിഴ്നാട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചതിനുശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സംഘടനകള്‍ക്കെതിരെ പ്രസംഗിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യരുത്, പരേഡുകള്‍ റോഡിലൂടെ നടത്താതെ മൈതാനങ്ങളിലും പൊതുയോഗം ഓഡിറ്റോറിയങ്ങളിലും നടത്തുക, റൂട്ട് മാര്‍ച്ചില്‍ ലാത്തിപോലുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നത് വിലക്കുന്നതുള്‍പ്പെടെ മൊത്തം 11 നിബന്ധനകളാണ് വിധി പ്രസ്താവത്തിലുണ്ടായിരുന്നത്. പ്രശ്നബാധിതമായ കോയമ്ബത്തൂര്‍ ഉള്‍പ്പെടെ ആറു കേന്ദ്രങ്ങളില്‍ കോടതി അനുമതി നല്‍കിയതുമില്ല.