ഗിനിയില്‍ തടവിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരെ ഹോട്ടലിലേക്ക് മാറ്റുന്നതിന് പകരം മുറിയില്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ടുകള്‍.
രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാല്‍, തങ്ങളെ മുറിയില്‍ പൂട്ടിയിട്ടതായി സംഘത്തിലെ കൊല്ലം സ്വദേശി വിജിത്ത് പറഞ്ഞു. മുറിക്ക് പുറത്ത് സൈനികര്‍ കാവല്‍ നില്‍ക്കുകയാണ്. നേരത്തെ, നാവികരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം നയതന്ത്രതലത്തിലെ ഇടപെടലിലൂടെ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫസ്റ്റ് ഓഫിസര്‍ മലയാളിയായ സനു ജോസിനെ കപ്പലില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.
16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയത്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ സൈന്യത്തിന്‍റെ നിര്‍ദേശപ്രകാരം ഇവരെ ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോചനദ്രവ്യം കപ്പല്‍ കമ്ബനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത്, കൊച്ചി സ്വദേശി മില്‍ട്ടന്‍ എന്നിവരാണ് സംഘത്തിലുള്ള മറ്റ് മലയാളികള്‍.
ഇക്വറ്റോറിയല്‍ ഗിനിയില്‍ പിടിയിലായ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.