ന്യൂഡെല്‍ഹി: ഞെട്ടിക്കുന്ന സംഭവത്തില്‍ യുവാവ് തന്റെ ലിവ്-ഇന്‍ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി 18 ദിവസത്തിനുള്ളില്‍ ഡെല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ തള്ളിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദിവസവും പുലര്‍ചെ രണ്ട് മണിക്ക് ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ ഇദ്ദേഹം പുറത്തിറങ്ങിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ
‘മെയ് 18 ന് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അഫ്‌ത്വാബ് അമീന്‍ പൂനവല്ല എന്ന യുവാവ് തന്റെ ലിവ്-ഇന്‍ പങ്കാളിയായ ശ്രദ്ധ (26) യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിക്കുകയും അവ സൂക്ഷിക്കാന്‍ ഒരു ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. അടുത്ത 18 ദിവസത്തിനുള്ളില്‍ യുവാവ് ഡെല്‍ഹിക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളില്‍ മൃതദേഹം അവശിഷ്ടങ്ങള്‍ തള്ളി.
ശ്രദ്ധ മുംബൈയിലെ ഒരു മള്‍ടിനാഷണല്‍ കംപനിയുടെ കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്, അവിടെ വെച്ചാണ് അഫ്‌ത്വാബിനെ കണ്ടുമുട്ടിയത്. ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇവരുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ഒളിച്ചോടി ഡെല്‍ഹിയിലെ മെഹ്‌റൗലിയിലെ ഒരു ഫ്‌ലാറ്റില്‍ താമസം തുടങ്ങി. ബന്ധുക്കളുടെ സ്ഥിരമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശ്രദ്ധ, വൈകാതെ ഫോണ്‍ കോളുകള്‍ എടുക്കാതെ ആയതോടെ ബന്ധുക്കളില്‍ സംശയം ഉടലെടുത്തു. നവംബര്‍ എട്ടിന് മകളെ കാണുന്നതിനായി പിതാവ് വികാസ് മദന്‍ ഡെല്‍ഹിയിലെത്തി.
ഫ്‌ലാറ്റിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അദ്ദേഹം മെഹ്‌റൗളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനെ ചൊല്ലി പതിവായി വഴക്കുണ്ടായിരുന്നതായും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കേസെടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിവരികയാണ്’.