ന്യൂഡല്‍ഹി: അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി തിരക്കിട്ട് നിയമിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. അരുണ്‍ ഗോയലിന്‍റെ നിയമനഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഹാജറാക്കിയതിനുപിന്നാലെയാണ് ഭരണഘടനാബെഞ്ച് നിയമനപ്രക്രിയയെ ചോദ്യം ചെയ്തത്.
മിന്നല്‍ വേഗത്തിലാണ് അരുണ്‍ഗോയലിന്‍റെ നിയമനനടപടികള്‍ നടന്നെതന്നും കോടതി പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ 24മണിക്കൂറുകൊണ്ടാണ് തീര്‍പ്പാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി എന്ത് വിലയിരുത്തലാണ് നടന്നതെന്നും ആരാഞ്ഞു. അതേസമയം, അരുണ്‍ ഗോയലിന്‍റെ യോഗ്യതയെയല്ല മറിച്ച് നിയമനപ്രക്രിയയെയാണ് ചോദ്യം ചെയ്തതെന്നും കോടതി വ്യക്തമാക്കി.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍, തെരഞ്ഞെടുപ്പ് കമീഷണര്‍ എന്നിവരുടെ നിയമന സംവിധാനത്തിന്‍റെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെ അരുണ്‍ ഗോയലിനെ തെരഞ്ഞടുപ്പ് കമീഷണറായി നിയമിച്ചതിന്‍റെ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയായ അരുണ്‍ ഗോയല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗിക പദവികളില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. പിറ്റേദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു