പതിനൊന്നുകാരിയെ പീഡിപ്പിച്ച വ്യാജ ഡോക്ടറെ പോലീസ് സാഹസികമായി പിടികൂടി. നോയ്ഡയിൽ വെള്ളിയാഴ്ച പുലർച്ചെ ആണ് സംഭവം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിക്ക് വെടിയേറ്റതായും ഇയാളെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോർട്ട്. 40 കാരനായ പ്രതി നഗരത്തിലെ ഫേസ് 1 പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ക്ലിനിക്ക് നടത്തി വരികയായിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് ക്ലിനിക്കിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
കൂടാതെ പെൺകുട്ടിയുടെ അയൽവാസി കൂടിയാണ് ഇയാൾ എന്നും പോലീസ് വ്യക്തമാക്കി. അതേസമയം സംഭവം പുറത്തിറഞ്ഞ ശേഷം ഒളിവിൽ പോയ പ്രതി ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് എത്തിയത്. തുടർന്ന് രക്ഷപ്പെടുന്നതിനായി പ്രതി പോലീസിന് നേരെ വെടിയുതിർത്തു
എന്നാൽ പോലീസും തിരിച്ച് വെടിവച്ചതിനെ തുടർന്ന് പ്രതിക്ക് പരിക്കേൽക്കുകയായിരുന്നു. ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു. കൂടാതെ പ്രതിയെ പിടികൂടുന്നതിനായി മൂന്നു സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.