ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീം കോടതി തള്ളി.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തായിരുന്നു സരിത സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകന്‍ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി തള്ളിയത്. എന്നാല്‍, കോടതി നടപടികളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കി. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്.