ന്യൂഡല്‍ഹി: ആസിഡ് വിറ്റതിന് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്കാര്‍ട്ടിനും മീഷോയ്ക്കും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ നോട്ടീസ്. ആസിഡ് വില്‍പ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നോട്ടീസ് നല്‍കിയത്. CCPAയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഇ കൊമേഴ്സ് സ്ഥാപനങ്ങളെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമായി കൈകാര്യം ചെയ്യുമെന്നാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡ് അറിയിച്ചത്.
ഡല്‍ഹി ദ്വാരകയില്‍ സമീപ കാലത്ത് പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായതിനെ തുടര്‍ന്നാണ് നടപടി . സംഭവത്തിലെ പ്രതി ഫ്‌ളിപ്പ്കാര്‍ട്ട് വഴി ആസിഡ് വാങ്ങിയെന്നാണ് ആരോപിക്കപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹി വനിതാ കമ്മീഷനും ഇരു ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും നോട്ടീസയച്ചിരുന്നു. ആസിഡ് വില്‍പ്പനയുടെ പേരിലായിരുന്നു ഈ നടപടിയും. ഡല്‍ഹി പൊലീസും സംഭവത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് നോട്ടീസ് നല്‍കി.
കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ മാസ്‌കണിഞ്ഞ് ബൈക്കിലെത്തിയ രണ്ടുപേര്‍ ആസിഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതര പരിക്കുകളേറ്റിരിക്കുകയാണ്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി സച്ചിന്‍ അറോറയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ആസിഡ് വാങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്.