Monday, January 24, 2022
spot_img
HomeNewsKerala'വിലാപയാത്രക്കിടെ തന്നെ വേണമായിരുന്നോ തിരുവാതിര'; സി.പി.ഐ.എം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരക്കെതിരെ രൂക്ഷവിമര്‍ശനം

‘വിലാപയാത്രക്കിടെ തന്നെ വേണമായിരുന്നോ തിരുവാതിര’; സി.പി.ഐ.എം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് തന്നെ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര കളിക്കെതിരെ വിമര്‍ശനമുയരുന്നു.

501 പേര്‍ ചേര്‍ന്നായിരുന്നു തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര അരങ്ങേറിയത്

സി.പി.ഐ.എമ്മിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി സഖാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തന്നെ വേണമായിരുന്നോ പിണറായിയെ പുകഴ്ത്തിയുള്ള തിരുവാതിര എന്ന തരത്തിലാണ് വിമര്‍ശനങ്ങളുയരുന്നത്.

സംഭവത്തിനെതിരെ എം. വിന്‍സെന്റ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ രംഗത്ത് വന്നിരുന്നു.

‘രാഷ്ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആളാണെങ്കിലും ധീരജിന്റെ അമ്മയുടെ നിലവിളി മനസ്സു വിങ്ങുന്ന വേദനയാണ് ഉളവാക്കിയത്. ഇന്നലെ വിലാപയാത്ര ആയിട്ടാണ് മ്യതദേഹം കണ്ണൂരിലെ സ്വവസതിയിലേക്ക് കൊണ്ടുപോയത്.

ഇന്ന് രാവിലെ പത്രങ്ങള്‍ വായിച്ചപ്പോഴാണ് ഇന്നലെ വിലാപയാത്രയുടെ സമയത്ത് തന്നെ സി.പി.ഐ.എമ്മിന്റ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തിയത് ശ്രദ്ധയില്‍പെട്ടത്.

കുത്തേറ്റു മരിച്ച സഹപ്രവര്‍ത്തകന്റെ മ്യതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രാ സമയത്ത് തന്നെ തിരുവാതിരക്കളി നടത്തിയത് ശരിയാണോ എന്ന് സി.പി.ഐ.എം പ്രവര്‍ത്തകരും നേതൃത്വവുമാണ് വ്യക്തമാക്കേണ്ടത്,’ എന്നാണ് വിന്‍സെന്റ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ പഴയ SFI അവതാരകനോ, ഇടത് സാംസ്‌കാരിക സിംഹങ്ങളോ കണ്ടില്ലെന്ന് നടിച്ച ‘മെഗാ തിരുവാതിരക്കളി’ പോളിറ്റ് ബ്യുറോ മെമ്ബറുടെ സാന്നിധ്യത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകര്‍മങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു.- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ പറഞ്ഞു.

‘ ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബര്‍ മഹിളകളുടെ ഏങ്ങിക്കരച്ചിലുകള്‍, വൈകാരിക മെലോഡ്രാമകള്‍, തെറിവിളികള്‍, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങള്‍. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയര്‍ന്ന നേതാക്കള്‍. ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ല.’- വി.ടി ബല്‍റാം പറഞ്ഞു.

‘ CPIM ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മെഗാതിരുവാതിര നിങ്ങള്‍ കണ്ടോ? നിങ്ങളുടെ കൊടി പിടിച്ച ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട് , അവന്റെ ശരീരത്തിന്റെ ചൂടാറും മുന്‍പ്, അവന്റെ അമ്മയുടെ ഹൃദയം നുറുങ്ങിയ കരച്ചിലിന്റെ ശബ്ദം കാതില്‍ നിന്നും പോകുന്നതിനു മുന്‍പ് എങ്ങനെയാണ് നിങ്ങള്‍ക്ക് കൈ കൊട്ടി പാട്ടു പാടി തിരുവാതിര കളിക്കാനും, ആ തിരുവാതിര പാട്ടിനൊപ്പം താളം പിടിക്കാനും സാധിക്കുന്നത് ?

എന്ത് വിലയാണ് നിങ്ങള്‍ ഒരു രക്തസാക്ഷിക്ക് നല്കുന്നത്? കൂട്ടത്തില്‍ ഒരുത്തന്‍ ചേതനയറ്റ് കിടക്കുമ്ബോള്‍ , ഈ പരിപാടി നടത്തരുത് എന്ന് പറയുവാന്‍ ഒരല്പ്പമെങ്കിലും മനസ്സലിവുള്ള ഒരാള്‍ പോലും ആ പാര്‍ട്ടിയിലില്ലെ?

കോണ്‍ഗ്രസിനെ പഠിപ്പിക്കുന്ന ഒരു ‘നിഷ്പക്ഷനെങ്കിലും ‘ ഒരു ചോദ്യചിഹ്നമോ കോമയോ കൊണ്ടെങ്കിലും പ്രതികരിക്കുവാനുള്ള ആര്‍ജ്ജവം ഉണ്ടോ? ഇല്ലായെന്നറിയാം, അതിനാല്‍ നിങ്ങളും തിരുവാതിരയ്ക്ക് താളം പിടിക്കുക ….. പ്രിയ ധീരജ് , നിന്റെ പ്രസ്ഥാനം പോലും നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് മാപ്പ്….’ – രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതി.

‘ ഒരു വിലാപയാത്ര കണ്ണൂരിലേക്ക് പോകുമ്ബോള്‍ അത് ആഘോഷമാക്കുന്ന കുറെ കോണ്‍ഗ്രസുകാര്‍ എന്ന് ഇനി പറയുമോ എന്തോ?? ‘നാണമില്ലേ കോണ്‍ഗ്രസേ’ എന്ന് ചര്‍ച്ചയും വൈകുന്നേരം സംഘടിപ്പിക്കാം…’- കെ.എസ് ശബരീനാഥ് പരിഹസിച്ചു.

‘ കോട്ടയം മുതല്‍ പാറശ്ശാല വരെ ആഘോഷങ്ങള്‍ ആകാം’- എന്നായിരുന്നു അനില്‍ അക്കരയുടെ പരിഹാസം.

‘ ദുഃഖം കടിച്ചമര്‍ത്തി അവര്‍ തിരുവാതിര

കളിച്ചു’- ്‌റിയാസ് മുക്കോളി പരിഹസിച്ചു.

‘ തിരുവാതിരക്ക് ശേഷം……………പുഷ്പാ ബക്കറ്റ് എടുക്കട്ടെ’.- ഇതായിരുന്നു കെ.എസ്.യു നേതാവ് ജഷീര്‍ പള്ളിവയലിന്റെ പോസ്റ്റ്.

ചെറുവാരക്കോണം സി എസ് ഐ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര.

വെള്ളിയാഴ്ച്ചയാണ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്. പിണറായി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുള്ള ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായി വിദ്യാര്‍ഥികളും വീട്ടമ്മമാരും എത്തി. പൂവരണി കെ വി പി നമ്ബൂതിരിയാണ് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുള്ള ഗാനം എഴിതിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി ആര്‍ സലൂജ തിരുവാതിര കളിക്ക് നേതൃത്വം നല്‍കി.

അതേസമയം, ധീരജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments