അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണുള്ളത്. കലാകിരീടം ആര്‍ക്കെന്നറിയാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നേക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം.
സ്വര്‍ണ്ണകപ്പിനായുള്ള നിര്‍ണ്ണായക പോരില്‍ ഇന്നലെ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നിലെത്തി. 808 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 802 പോയിന്റാണ്. അവസാന ലാപ്പില്‍ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി.
859 പോയിന്റോടെ നിലവിലെ ചാമ്ബ്യന്മാരായ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ വാനമ്ബാടി കെ എസ് ചിത്ര മുഖ്യാതിഥിയായി പങ്കെടുക്കും.
തൃശൂര്‍ (854), മലപ്പുറം(823), എറണാകുളം (820), കൊല്ലം (794), തിരുവനന്തപുരം (771), ആലപ്പുഴ (759), കാസര്‍കോട് (757), കോട്ടയം (756), വയനാട് (701), പത്തനംതിട്ട (677), ഇടുക്കി (633), ഇങ്ങനെയാണ് ബാക്കി പോയിന്റ് നില.
സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (149), വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി (132), കണ്ണൂര്‍ സെന്റ് തെരേസാസ് ഗേള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി (103) എന്നിവരാണ് മുന്നില്‍. ഹൈസ്കൂള്‍ അറബിക് കലോത്സവം പൂര്‍ത്തിയായി.
പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ 95 വീതം പോയിന്റുമായി ഒന്നാമതാണ്. എറണാകുളം, മലപ്പുറം ജില്ലകളാണ് (93) രണ്ടാമത്. സംസ്കൃതോത്സവത്തില്‍ രണ്ടിനം ബാക്കിനില്‍ക്കെ കൊല്ലവും എറണാകുളവും 90 പോയിന്റുമായി ഒന്നാമതും തൃശൂരും കോഴിക്കോടും 88 പോയിന്റുമായി രണ്ടാമതുമാണ്.