കാസര്‍കോട്: കാസര്‍കോട് പെരുമ്ബള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഫോണില്‍ വിഷത്തെപ്പറ്റി തിരഞ്ഞത് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം കൂടി വന്നശേഷം മാത്രമേ ഔദ്യോഗികമായി മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതിന് ശേഷമാണ് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്ബ് പൊലീസില്‍ പരാതി നല്കി. ആദ്യം ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് അത് ആത്മഹത്യയാണെന്ന സൂചനകള്‍ പുറത്ത് വരികയായിരുന്നു.