വാഴ്‌സോ: മലയാളി എന്‍ജിനീയര്‍ പോളണ്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍. പോളണ്ടിലെ ഐഎന്‍ജി ബാങ്ക് ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
10 മാസം മുന്‍പാണ് ഇബ്രാഹിം ജോലിക്കായി പോളണ്ടിലെത്തിയത്. ജനുവരി 24 വരെ ഇബ്രാഹിം വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇബ്രാഹിമിന്റെ സുഹൃത്തുക്കളെ കുടുംബം വിവരമറിയിച്ചു. സുഹൃത്തുക്കള്‍ ഇബ്രാഹിം താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ വീട്ടുടമസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും തിരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരമെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതി പിടിയിലായെന്ന സൂചനയല്ലാതെ കൊലപാതകത്തിനുള്ള കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് എംബസി വ്യക്തമാക്കിയത്. കൊലപാതകം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് ശേഷമേ മൃതദേഹം കൈമാറുകയുള്ളു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാനായി കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.