Friday, March 24, 2023

HomeNewsKeralaകാറിന് തീപിടിച്ചത് യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിക്ക് പോകുന്നതിനിടെ; നാടിനെ നടുക്കിയ ദുരന്തം

കാറിന് തീപിടിച്ചത് യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിക്ക് പോകുന്നതിനിടെ; നാടിനെ നടുക്കിയ ദുരന്തം

spot_img
spot_img

കണ്ണൂര്‍: ഓടുന്ന കാറിന് തീപിടിച്ച് മരിച്ച റീഷയുടെയും പ്രിജിത്തിന്റെയും മാതാപിതാക്കളെയും ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ആശുപത്രി ജീവനക്കാരും ജനപ്രതിനിധികളും. കണ്‍മുന്നില്‍ മകളും ഭര്‍ത്താവും മരിക്കുന്നത് കണ്ടതിന്റെ ഞെട്ടലിലാണ് പിതാവ് വിശ്വനാഥനും ഭാര്യ ശോഭനയും. ഏഴുവയസുകാരി ശ്രീപാര്‍വതി കൂടെയുണ്ടായിരുന്ന ബന്ധു സജിനയെ കെട്ടിപ്പിടിച്ച് കരഞ്ഞു തളര്‍ന്നിരുന്നു.

ഇടയ്ക്കിടയ്ക്ക് അച്ഛനെയും അമ്മയേയും കാണണമെന്ന് പറഞ്ഞ് മകള്‍ കരയുന്നത് ചുറ്റുമുണ്ടായിരുന്നവരെ കണ്ണീരിലാഴ്ത്തി. ഇതിനിടയില്‍ വന്ന ജനപ്രതിധികള്‍ക്കും ബന്ധുക്കള്‍ക്കും ഇവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടിയില്ല. പ്രിജിത്തിന്റെയും റീഷയുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി മാറ്റിയിരുന്നു.

നാട്ടുകാരുടെ സഹായത്തില്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയ വിശ്വനാഥന്‍ പലതവണ തീ വകവെക്കാതെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് മകള്‍ റീഷ ഗ്ലാസിലൂടെ അച്ഛനെ നോക്കി കരയുന്നുണ്ടായിരുന്നു. മകളെയും ഭര്‍ത്താവിനെയും രക്ഷിക്കാന്‍ പറ്റാതെ തളര്‍ന്നു പോയ വിശ്വനാഥനെ ഏറെ ശ്രമപ്പെട്ടാണ് നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അച്ഛനും അമ്മയും ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് ഏഴുവയസുകാരി ശ്രീപാര്‍വതിയോട് എങ്ങനെ പറയുമെന്ന വേവലാതിയില്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളും പറഞ്ഞ് കരയുകയായിരുന്നു.

കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ താമരവളപ്പില്‍ പ്രിജിത്ത് (42) ഭാര്യ കുറ്റിയാട്ടൂര്‍ കരാറുമ്മല്‍ അനക്കീല്‍വീട്ടില്‍ റീഷ (31) എന്നിവരാണ് കാറിന് തീപിടിച്ച് മരിച്ചത്. മകള്‍ ശ്രീപാര്‍വതി (7), റീഷയുടെ പിതാവ് വിശ്വനാഥന്‍ (55), ഭാര്യ ശോഭന (50), വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജന (42) എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നു രാവിലെ 10.40 ഓടെയാണ് ദുരന്തമുണ്ടായത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിക്ക് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ ജില്ലാ ആശുപത്രിയിലേക്കെത്താന്‍ ഏതാണ്ട് നൂറുമീറ്റര്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും മൂന്ന് ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഭര്‍ത്താവും ഭാര്യയും വാഹനത്തിന്റെ മുന്‍സീറ്റിലും ബന്ധുക്കള്‍ വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നത്.

അപകട സമയം കാറിന്റെ പിന്‍സീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. പക്ഷെ തീ പടര്‍ന്നതോടെ കാറിന്റെ മുന്‍ ഡോറുകള്‍ ലോക്കായി പോവുകയായിരുന്നു. അടുത്തുതന്നെ ഉണ്ടായിരുന്ന സ്റ്റേഷനില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും ഇവര്‍ മരണപ്പെട്ടിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments