കോട്ടയം: ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധചികിത്സ ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരനും ബന്ധുക്കളും രംഗത്ത്.
ചികിത്സ വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ തറവാട്ടുവീടായ കരോട്ട് വള്ളക്കാലില്‍ താമസിക്കുന്ന അനുജന്‍ അലക്സ് വി. ചാണ്ടിയും അടുത്ത ബന്ധുക്കളുമടക്കം 42 ബന്ധുക്കള്‍ ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.
കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് സംശയം പ്രകടിപ്പിക്കുന്ന കത്തില്‍, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ ചികിത്സ നല്‍കേണ്ട ഘട്ടത്തില്‍ കുടുംബം മറ്റ് മാര്‍ഗങ്ങള്‍ തേടുന്നെന്ന ആക്ഷേപവും കത്തിലുണ്ട്.
തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി.
മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്ബന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ജനുവരിയില്‍ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.