കൊച്ചി: കേരളത്തില്‍ മാത്രം സ്വര്‍ണാഭരണ മേഖലയില്‍ ഇ-വേബില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 36 ഗ്രാം സ്വര്‍ണവുമായി പോകുന്ന ആരെയും പരിശോധിക്കാമെന്ന നിലപാട് കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.
36 ഗ്രാം സ്വര്‍ണം വാണിജ്യാവശ്യത്തിനാണോ, അതാേ സ്വന്തം ഉപയോഗത്തിനാണോ എന്ന് എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാനുവുകയെന്ന് ഭാരവാഹികള്‍ ചോദിച്ചു. 10 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ വ്യാപാരികളും ഇപ്പോള്‍ തന്നെ ഇ-ഇന്‍വോയ്സ് വഴിയാണ് സ്വര്‍ണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിനുള്ളില്‍ നിന്നും കൊണ്ടുപോകുന്നത്. അത് അഞ്ച് കോടിയാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍കാര്‍ നടത്തിവരുന്നതിനിടെയാണ് കേരളത്തില്‍ മാത്രം ഇ-ബില്‍ ഏര്‍പെടുത്താനുള്ള ശ്രമം.
സ്വര്‍ണ വ്യാപാര മേഖലയില്‍ പുതിയൊരു നടപടി കുരുക്കുക്കൂടി സൃഷ്ടിക്കാനേ ഉപകരിക്കു. വിമാനത്താവളങ്ങളിലൂടെയും കടല്‍ തീരം വഴിയും നിര്‍ബാധം തുടരുന്ന സ്വര്‍ണക്കള്ളകടത്ത് പിടികൂടാന്‍ ധൈര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ഉപജീവനത്തിനായി പണിയെടുക്കുന്ന പണിക്കാരെയടക്കം 36 ഗ്രാം സ്വര്‍ണം കൊണ്ടുപോകുന്ന ആരെയും പിടിക്കാം, ചോദ്യം ചെയ്യാം, പിഴചുമത്താമെന്നത് ഈ മേഖലയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഇ- വേബില്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നും 15,000 ഇ-മെയിലുകള്‍ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ക്ക് അയച്ചു തുടങ്ങിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു. ഫെബ്രുവരി 23, 24 തീയതികളില്‍ മൂന്നാറില്‍ ചേരുന്ന സംസ്ഥാന എക്സിക്യൂടീവ് കാംപ് സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.