തിരുവനന്തപുരം; വര്‍ക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ടു പേരെയും രക്ഷപ്പെടുത്തി. ഒരു മണിക്കൂറിലധികം സമയമാണ് 50 അടിയോളം ഉയരത്തിൽ യുവാവും യുവതിയും കുടുങ്ങിയത്. ഇരുവരും തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണെന്നാണ് വിവരം. അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈദ്യപരിശോധനക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കടപ്പുറത്ത് പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടെ ഇരുവരും സഞ്ചരിച്ച ഗ്ലൈഡർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. ഇരുവരും ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിനു മുകളിൽ പിടിച്ചിരിക്കുകയായിരുന്നു. അൽപ ദൂരം താഴേക്ക് ഇറങ്ങിയ ഇരുവരും പിന്നീട് താഴേക്ക് പതിക്കുകയായിരുന്നു. തൂണിനു താഴെ വിരിച്ച വലയിലേക്കാണ് ഇരുവരും പതിച്ചത്. സാധാരണയിൽ ഗ്ലൈഡർ സഞ്ചരിക്കുന്നതിനേക്കാൾ താഴ്ന്നായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത് എന്നാണ് സൂചന.