ചെന്നൈ: കേരളത്തില്‍ മുസ്ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.
യു ഡി എഫ് അടുത്ത തവണ കേരളത്തില്‍ അധികാരത്തില്‍ വരും. ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമസ്തയെയും ലീഗിനെയും തെറ്റിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോവും. പാര്‍ട്ടിയുടെ എഴുപത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
അധികാരത്തില്‍ എത്തുക എന്നുള്ളത് ഏതൊരു കക്ഷിയും രാഷ്ട്രീയപരമായി ആഗ്രഹിക്കുന്ന കാര്യമാണ്. അധികാരത്തില്‍ ഇരുന്ന് അതിന്റെ കുളിര് അനുഭവിക്കലല്ല ലക്ഷ്യം. ഭരണഘടനാപരമായുള്ള അവകാശങ്ങള്‍ സമുദയത്തിനും സമൂഹത്തിനും നേടിക്കൊടുക്കാനാണ് അധികാരം. മുസ്ലീം ലീഗ് അധികാരത്തിന്റെ ഭാഗമായിരുന്നപ്പോഴെല്ലാം പക്ഷപാതമില്ലാതെ എല്ലാവര്‍ക്കും വേണ്ടി ഒരു പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. അതിനര്‍ത്ഥം മുസ്ലീം ലീഗിനെ സംബന്ധിച്ച് അധികാരം എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അര്‍ത്ഥമില്ല.
ലീഗും സമസ്തയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. രണ്ടും എപ്പോഴും ഒരുടലും ഒരു മനസുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. ലീഗിന്റെ വളര്‍ച്ചയില്‍ സമസ്തയുടെ സാന്നിധ്യം വളരെ അധികം സഹായകരമായിട്ടുണ്ട്. ഇരു സംഘടനകളും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നല്ല. ഇത്തരം പ്രശ്നങ്ങളെല്ലം ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്. വേറെ ഏതൊരു രാഷ്ട്രീയ ശക്തിക്കും മുസ്ലിം ലീഗിനേയും സമസ്തയേയും തെറ്റിക്കാന്‍ സാധിക്കില്ല. രണ്ടും തമ്മിലുള്ള ബന്ധം അത്രയും ഭദ്രമാണ്. അതിലേക്ക് നുഴഞ്ഞുകയറാനുള്ള അധികാരമൊന്നും ആര്‍ക്കും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
അതേസമയം മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈയില്‍ തുടക്കമായി. സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍ നിയോജകമണ്ഡലം പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയില്‍ സംസ്ഥാനത്തു നിന്നും കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിക്കുന്നു.